എം.എ. നിസാം
ലഹരി മാഫിയയുടെ വേരറുക്കാന്‍ കേരള സർക്കാർ ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ’ മികച്ച നിലയിൽ പുരോഗമിക്കുകയാണ്. ജൂൺ രണ്ടിന് ആരംഭിച്ച പദ്ധതി സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. എം.ഡി.എം.എ. പോലെയുള്ള സിന്തറ്റിക് ലഹരിമരുന്നുകളുടെ വ്യാപനം തടയുക, സ്കൂൾ-കോളജ് പരിസരങ്ങളിലെ ലഹരി വിൽപന ഇല്ലാതാക്കുക തുടങ്ങി ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പദ്ധതിക്ക് തുടക്കമിട്ടത്. പൊലീസ്, എക്സൈസ്, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകൾ സംയുക്തമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ലഹരി വിൽപ്പന സംഘങ്ങളെ കേന്ദ്രീകരിച്ചും ലഹരിയുടെ സ്രോതസ്സുകൾ തേടിയും മുന്നോട്ടുപോയ ഈ ഓപ്പറേഷൻ ജയിലുകളിൽ വരെ ഇപ്പോൾ എത്തി നിൽക്കുകയാണ്.
ഓപ്പറേഷൻ തൂഫാൻ രണ്ടുമാസം പിന്നിടുമ്പോൾ അത് വലിയ സമാശ്വാസമാണ് കേരള സമൂഹത്തിന് പകർന്നു നൽകിയിരിക്കുന്നത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടത്തിയ ലഹരി പരിശോധനയിൽ രണ്ട് മാസത്തിനിടെ 8,908 പേരാണ് പിടിയിലായത്. 8,278 കേസുകളും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ 6691.126 ഗ്രാം എം.ഡി.എം.എ.യും 784.244 കിലോ കഞ്ചാവും 296.657 ഗ്രാം ഹെറോയിനും 4698.749 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തിട്ടുണ്ട്.
ലഹരി വിൽപനയെക്കുറിച്ച് വിവരങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ടും വാട്സ്ആപ്പ് മുഖേനയും പൊലീസിനെ അറിയിക്കാം എന്നതാണ് ഓപ്പറേഷൻ തൂഫാനെ മറ്റു ലഹരി വിരുദ്ധ ഓപ്പറേഷനുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന വാഗ്ദാനം ഇതുവരെ പാലിക്കാനും ബന്ധപ്പെട്ട അധികാരികൾക്ക് സാധിച്ചിട്ടുണ്ട്.
ഓപ്പറേഷൻ തൂഫാന്റെ വിജയം കേരളത്തിന്റെ ശാരീരിക മാനസിക ആരോഗ്യത്തിന് അത്യന്താപേക്ഷിതം തന്നെയാണ്. വൻകിട ലഹരി വ്യാപാരികളെ കണ്ടെത്താനും രാസ ലഹരികളുടെ ഉറവിടങ്ങൾ പൂർണ്ണമായി ഇല്ലാതാക്കാനും ഓപ്പറേഷൻ തൂഫാന് കഴിയട്ടെ എന്ന് ഈ അവസരത്തിൽ നമുക്ക് പ്രത്യാശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.