ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നവർക്കുള്ള മാർഗനിർദേശം മൂന്നുമാസം നീട്ടി

കുവൈത്ത് സിറ്റി: രാജ്യത്ത് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന ഡ്രൈവർമാർക്കുള്ള പുതിയ മാർഗനിർദേശങ്ങൾ മൂന്നു മാസത്തേക്കുകൂടി നീട്ടി. ഒക്ടോബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന് പ്രഖ്യാപിച്ചിരുന്ന നിയമം ഇതോടെ 2023 ജനുവരി ഒന്നുമുതലാകും നടപ്പാവുകയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡെലിവറി വാഹനങ്ങളുടെ ഡ്രൈവർമാർക്കും ബൈക്കിൽ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നവർക്കും ആരോഗ്യ മന്ത്രാലയത്തിന്റെ ഫിറ്റ്നസ് കാർഡ് വേണം, ഡെലിവറി തൊഴിലാളികൾ കമ്പനിയുടെ സ്പോൺസർഷിപ്പിലായിരിക്കണം, മുനിസിപ്പാലിറ്റിയുടെ അനുമതിയോടെ ഡെലിവറി വാഹനങ്ങളിൽ കമ്പനിയുടെ സ്റ്റിക്കർ പതിച്ചിരിക്കണം, വിതരണം ചെയ്യുന്ന ആൾ യൂനിഫോം ധരിക്കണം തുടങ്ങിയവയായിരുന്നു പ്രധാന നിർദേശങ്ങൾ. ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന കമ്പനികൾക്കുള്ള പെരുമാറ്റച്ചട്ടം നടപ്പാക്കാനുള്ള ഉന്നതതല യോഗത്തെ തുടർന്നായിരുന്നു തീരുമാനം. എന്നാൽ, വ്യവസ്ഥകൾ പാലിക്കുന്നതിന് ആവശ്യമായ സമയം ലഭിച്ചില്ലെന്ന് കമ്പനി ഉടമകൾ വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്നാണ് മൂന്നു മാസം നീട്ടിക്കൊണ്ടുള്ള നടപടി.

കുവൈത്ത് കോളറമുക്തം

കുവൈത്ത് സിറ്റി: രാജ്യം കോളറമുക്തമാണെന്ന് വ്യക്തമാക്കി ആരോഗ്യ മന്ത്രാലയം. രാജ്യം സുരക്ഷിതമാണെന്നും മന്ത്രാലയം അറിയിച്ചു. കോളറയുടെ വ്യാപനത്തിനും പൊട്ടിപ്പുറപ്പെടുന്നതിനും കാരണമായ ഘടകങ്ങളിൽനിന്നെല്ലാം കുവൈത്ത് മുക്തമാണ്. വ്യക്തിശുചിത്വം പാലിക്കുക, ഭക്ഷണത്തിലും ശുദ്ധജലത്തിലും ശ്രദ്ധ ചെലുത്തുക എന്നിവയാണ് കോളറക്കെതിരായ പ്രധാന പ്രതിരോധ നടപടി. വൃത്തിയില്ലാത്ത (കേടായ) ഭക്ഷണം കഴിക്കുന്നതും അശുദ്ധമായ വെള്ളം കുടിക്കുന്നതും മൂലമുണ്ടാകുന്ന കഠിനമായ വയറിളക്കമാണ് കോളറയുടെ ലക്ഷണങ്ങളിലൊന്ന്. കോളറ കുവൈത്തിലേക്ക് കടക്കുന്നത് തടയാനും രോഗബാധിതരായവരെ കണ്ടെത്തി ചികിത്സിക്കുന്നതിനും ഒരു സംയോജിത പദ്ധതി രാജ്യം വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

Tags:    
News Summary - Guidelines for distributors of food items extended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.