കുവൈത്ത് സിറ്റി: കുവൈത്തിൽ സർക്കാർ ഓഫിസുകൾ ഞായറാഴ്ച മുതൽ നൂറു ശതമാനം ഹാജർ നിലയിൽ പ്രവർത്തിക്കും. കോവിഡിനു ശേഷം ആദ്യമായാണ് സർക്കാർ ഓഫിസുകൾ പൂർണശേഷിയിൽ പ്രവർത്തനം ആരംഭിക്കുന്നത്. രണ്ടു വർഷത്തെ ഇടവേളക്കു ശേഷമാണ് രാജ്യത്തെ സർക്കാർ കാര്യാലയങ്ങൾ നൂറുശതമാനം ഹാജർനിലയിലേക്ക് തിരികെ എത്തുന്നത്.
കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസം ചേർന്ന മന്ത്രിസഭ യോഗത്തിലാണ് മാർച്ച് 13 മുതൽ സർക്കാർ ഓഫിസുകൾ പൂർണ തോതിൽ പ്രവർത്തിക്കാൻ നിർദേശം നൽകിയത്.
ഇതനുസരിച്ച് രാജ്യത്തെ മുഴുവൻ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളും കോവിഡിന് മുമ്പുണ്ടായിരുന്നതു പോലെ പ്രവർത്തിച്ചുതുടങ്ങും. കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ ഓഫിസുകളിൽ ഏർപ്പെടുത്തിയിരുന്ന മുഴുവൻ നിയന്ത്രണങ്ങളും ഇതോടെ ഇല്ലാതാകും.
പ്രത്യേകം നിർണയിക്കപ്പെട്ട അവധി ദിനങ്ങളിലല്ലാതെ ജീവനക്കാർ ജോലിക്ക് ഹാജരാകാതിരിക്കരുതെന്ന് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്.
കോവിഡ് രൂക്ഷമായതിനെ തുടർന്ന് 2020 മാർച്ചിലാണ് സർക്കാർ ഓഫിസുകളുടെ ഹാജർ നില അമ്പതു ശതമാനമാക്കി കുറച്ചത്. പിന്നീട് ഇത് 70 ശതമാനമാക്കി ഉയർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.