ഷംനാദ് പാവൂർ

പൂക്കോട്ടുംപാടത്തെ ജർമ്മൻ ആരാധകൻ

കളി കാണാനുള്ള ഏക ആശ്രയം കുറച്ചകലെയുള്ള ബഷീർക്കാന്റെ വീടാണ്. അതും കറന്റ് ചതിക്കാതിരുന്നാൽ മാത്രം! എങ്കിലും, ആ ചെറിയ വീടിൻ്റെ ഉമ്മറത്തെ ഒത്തുചേരലുകളും ഒന്നിച്ചിരുന്നുള്ള കളി കാണലുമൊക്കെ തന്ന അനുഭൂതി പറഞ്ഞറിയിക്കാൻ കഴിയാത്തതാണ് മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത്, പൂക്കോട്ടുംപാടത്തെ തരിശ് എന്ന മലയോര ഗ്രാമത്തിലാണ് എൻ്റെ നാട്. ഏതൊരു മലപ്പുറത്തുകാരനെയും പോലെ ചോരയിൽ അലിഞ്ഞുചേർന്ന ഫുട്ബാൾ ഭ്രമം എനിക്കുമുണ്ടായിരുന്നു. ഒപ്പം ജർമ്മൻ ടീമിനോടുള്ള കടുത്ത ആരാധനയും! മണ്ണെണ്ണവിളക്കിൻ്റെ വെട്ടത്തെ ആശ്രയിച്ചിരുന്ന ഒരു കാലമായിരുന്നു അത്. വീട്ടിൽ ടിവിയില്ലാത്തതുകൊണ്ട് കളി കാണാനുള്ള ഏക ആശ്രയം കുറച്ചകലെയുള്ള ബഷീർക്കാന്റെ വീടാണ്. അതും കറന്റ് ചതിക്കാതിരുന്നാൽ മാത്രം! എങ്കിലും, ആ ചെറിയ വീടിൻ്റെ ഉമ്മറത്തെ ഒത്തുചേരലുകളും ഒന്നിച്ചിരുന്നുള്ള കളി കാണലുമൊക്കെ തന്ന അനുഭൂതി പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.

അന്ന് നാട്ടിൽ ഭൂരിഭാഗവും ബ്രസീൽ, അർജന്റീന ആരാധകരായിരുന്നു. എന്നാൽ, യൂറോപ്യൻ ഫുട്ബാളിൻ്റെ കളി ശൈലിയോടുള്ള ഇഷ്ടം എങ്ങനെയോ മനസ്സിൽ കയറിക്കൂടിയത് കൊണ്ടാണ് ഞാൻ ഒരു കടുത്ത ജർമ്മനി ആരാധകനായി മാറിയത്. വർഷങ്ങൾ കടന്നുപോയി, ഞാൻ പ്രവാസിയായി. 2014-ലെ ലോകകപ്പിൽ ജർമ്മനി ബ്രസീലിനെ ഏഴ് ഗോളുകൾക്ക് തകർത്തുവിടുമ്പോൾ പ്രവാസലോകത്ത് ഒരു ബ്രസീൽ ആരാധകന്റെ കൂടെയായിരുന്നു ഞാൻ കളി കണ്ടത്. അന്ന് നാട്ടിലുണ്ടായിരുന്നെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ച നിമിഷമായിരുന്നു അത്. ഒടുവിൽ ആ വർഷം അർജന്റീനയെ ഫൈനലിൽ തോൽപ്പിച്ച് ജർമ്മനി ലോകകിരീടം മുത്തമിട്ടപ്പോൾ അനുഭവിച്ച സന്തോഷത്തിന് അതിരുകളില്ലായിരുന്നു.

കേരളത്തിലെ യുവത്വത്തിന്റെ ഹൃദയമിടിപ്പാണ് ഫുട്ബോൾ. മൈതാനങ്ങളിൽ പന്തുരുളുമ്പോൾ അവിടെ ജാതിയോ മതവോ വ്യത്യാസങ്ങളോ ഇല്ലാത്ത, ഊഷ്മളമായ സൗഹൃദങ്ങൾ രൂപപ്പെടുന്നു. എന്നാൽ, നിർഭാഗ്യവശാൽ ഇന്നത്തെ കേരളീയ സമൂഹത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന ലഹരി എന്ന വിപത്ത് ഈ സുരക്ഷിത വലയങ്ങളിലേക്കും കടന്നുകയറാൻ ശ്രമിക്കുന്നുണ്ട്. ഇവിടെയാണ് യഥാർത്ഥ സൗഹൃദങ്ങളുടെയും കായിക സംസ്കാരത്തിന്റെയും പ്രസക്തി. ലഹരി നൽകുന്ന താൽക്കാലിക ലഹരിയേക്കാൾ വലുതാണ് കളിക്കളങ്ങൾ തരുന്ന ആവേശമെന്ന് തിരിച്ചറിയാൻ നമ്മുടെ പുതു തലമുറക്ക് സാധിക്കണം. അതിനു ഫലപ്രദമായ കൂട്ടായ പ്രവർത്തനങ്ങൾ ഉണ്ടാകട്ടെ എന്നാണ് ഈ ലോകകപ്പ് ആവേശ ലഹരിയിൽ പറയാനുള്ളത്. ഇപ്പോൾ കുവൈത്തിലിരുന്ന് കളി കാണുമ്പോൾ കൂടെയുള്ളത് ബ്രസീലിൻ്റെ 'കട്ട ഫാൻ' ആയ മകനാണ്. അവനോടൊപ്പം ഫുട്ബാൾ ആസ്വദിക്കുമ്പോൾ, മനസ്സ് അറിയാതെ ആ പഴയ ഓർമകളിലേക്കും കടന്നുപോകുന്നു.

Tags:    
News Summary - Germany's football fan in Pookkottumpadam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.