കുവൈത്ത് സിറ്റി: ജി.സി.സി റെയിൽവേ പദ്ധതിയുടെ ഭാഗമായി കുവൈത്തിലെ നടപടികൾക്ക് തുടക്കമായി. കുവൈത്തിലെ റെയിൽവേ പദ്ധതിക്കായി പ്രധാന പാസഞ്ചർ സ്റ്റേഷൻ രൂപകൽപന ചെയ്യുന്നതിന്റെ ആദ്യഘട്ടം പൂർത്തിയാക്കിയതായി പബ്ലിക് അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട്. കുവൈത്തിനെ ജി.സി.സി റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന സ്റ്റേഷന്റെ ആശയവും വാസ്തുവിദ്യാ രൂപകൽപനയുമാണ് പ്രാരംഭ ഘട്ടമായി തയ്യാറാക്കിയിരിക്കുന്നത്.
സുരക്ഷ, ഗുണനിലവാരം, പ്രവർത്തന കാര്യക്ഷമത എന്നിവയിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായാണ് രൂപകൽപന. യാത്രക്കാർക്ക് സമഗ്ര സേവനം നൽകുന്നതിനായി വാണിജ്യ സെന്ററുകളും സ്റ്റേഷനിൽ ഉണ്ടാകും. സ്റ്റേഷൻ രൂപകൽപനയുടെ തുടർന്നുള്ള ഘട്ടങ്ങളുടെ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇത് പൂർത്തിയാകുന്നതോടെ അടുത്തഘട്ടത്തിലേക്ക് കടക്കും. കുവൈത്ത്, സൗദി അറേബ്യ, ബഹ്റൈൻ, ഖത്തർ, യു.എ.ഇ, ഒമാൻ എന്നീ ആറു രാജ്യങ്ങളെ 2,117 കിലോമീറ്റർ നീളമുള്ള റെയിൽ ശൃംഖലയിലൂടെ ബന്ധിപ്പിക്കുന്നതാണ് ഗൾഫ് റെയിൽവേ പദ്ധതി.
കുവൈത്തിലെ ഷാദാദിയ മുതൽ നുവൈസീബ് വരെ നീളുന്ന 111 കിലോമീറ്ററാണ് ആദ്യഘട്ടത്തിലുള്ളത്. രാജ്യത്തെ കര ഗതാഗത മേഖലയിലെ തന്ത്രപരമായ സംരംഭമാണ് പദ്ധതി. പ്രാദേശിക കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും നഗരങ്ങളിലും അതിർത്തി കടന്നുള്ള സ്ഥലങ്ങളിലും ഗതാഗത കാര്യക്ഷമത വർധിപ്പിക്കലും ഇതുവഴി ലക്ഷ്യമിടുന്നു.
പാത നിർമിക്കുന്നതുമായി ബന്ധപ്പെട്ട് തുർക്കിയ കമ്പനിയായ പ്രോയാപിയുമായി ഈ വർഷം എപ്രിലിൽ കുവൈത്ത് കരാറിൽ ഒപ്പിട്ടിരുന്നു. സമഗ്ര പഠനം, വിശദമായ രൂപകൽപന, ടെൻഡർ രേഖ തയാറാക്കൽ എന്നിവ ഉൾപ്പെടുന്നതാണ് കരാർ. മണ്ണ് പരിശോധന, പാതകൾ നിർണ്ണയിക്കൽ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. 12 മാസമാണ് അനുവദിച്ച കാലപരിധി. പദ്ധതി 2030 ഡിസംബറോടെ പൂർത്തിയാകുമെന്നാണ് ഗൾഫ് റെയിൽവേ അതോറിറ്റി പ്രതീക്ഷ. മേഖലയിലെ ഗതാഗതം, വ്യാപാരം, ടൂറിസം എന്നിവയിൽ വലിയ കുതിപ്പ് ഇതു സൃഷ്ടിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.