ആക്രമണത്തെ അപലപിച്ച് ജി.സി.സി

കുവൈത്ത് സിറ്റി: കുവൈത്തിന് നേരെയുള്ള ഇറാന്റെ തുടർച്ചയായ ആക്രമണങ്ങളെ ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി ശക്തമായി അപലപിച്ചു.

ഈ ആക്രമണങ്ങൾ അപകടകരമായ സാഹചര്യ സൃഷ്ടിക്കുന്നതും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

കുവൈത്തിന്റെയും ബഹ്‌റൈന്റെയും സുരക്ഷ ജി.സി.സി അംഗരാജ്യങ്ങളുടെ കൂട്ടായ സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

മേഖലയുടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാൻ ജി.സി.സി രാജ്യങ്ങൾ ഐക്യത്തോടെ നിലകൊള്ളുമെന്നും ജാസിം അൽ ബുദൈവി പറഞ്ഞു.

അറബ് പാർലമെന്റ്

കുവൈത്തിനെയും ബഹ്‌റൈനെയും ലക്ഷ്യമിട്ട് ഇറാന്റെ ആവർത്തിച്ചുള്ളതും ക്രൂരവുമായ ആക്രമണങ്ങളെ അറബ് പാർലമെന്റ് സ്പീക്കർ മുഹമ്മദ് അൽ യമാഹി അപലപിച്ചു. ഈ ശത്രുതാപരമായ പ്രവൃത്തികൾ അന്താരാഷ്ട്ര നിയമത്തിന്റെയും അന്താരാഷ്ട്ര നിയമസാധുതയുടെയും നഗ്നമായ ലംഘനമാണെന്നും രണ്ട് അറബ് രാജ്യങ്ങളുടെയും പരമാധികാരം, സ്വാതന്ത്ര്യം, പ്രദേശിക സമഗ്രത എന്നിവക്ക് മേലുള്ള നേരിട്ടുള്ള ലംഘനമാണെന്നും അൽ യമാഹി പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങൾ തുടരുന്നത് പ്രാദേശിക സമാധാനത്തിന് തുരങ്കം വെക്കുന്നതും, പിരിമുറുക്കങ്ങൾ വർധിപ്പിക്കുന്നതിനും മേഖലയിലുടനീളം സംഘർഷത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നതിനും ഇടയാക്കുമെന്നും മുന്നറിയിപ്പ് നൽകി.

ഈ നടപടികളെ തടയുന്നതിനും സ്ഥിരത പുന:സ്ഥാപിക്കുന്നതിനും നിർണായക നിലപാട് സ്വീകരിക്കാൻ അദ്ദേഹം ആഗോള സമൂഹത്തോട് അഭ്യർത്ഥിച്ചു.

കുവൈത്തിനോടും ബഹ്‌റൈനിനോടുമുള്ള അറബ് പാർലമെന്റിന്റെ അചഞ്ചലമായ ഐക്യദാർഢ്യം സ്പീക്കർ വ്യക്തമാക്കി. ദേശീയ സുരക്ഷ, സിവിലിയൻ ജനതയെ സംരക്ഷിക്കൽ, സുപ്രധാന അടിസ്ഥാന സൗകര്യങ്ങൾ സുരക്ഷിതമാക്കൽ എന്നിവക്കായി ഇരു നേതൃത്വങ്ങളും സ്വീകരിച്ച എല്ലാ നടപടികളെയും അദ്ദേഹം പിന്തുണച്ചു.

ജി.സി.സി അംഗരാജ്യങ്ങളുടെ സുരക്ഷ വിശാലമായ അറബ് ദേശീയ സുരക്ഷയുടെ അവിഭാജ്യ മൂലക്കല്ലാണ്. ഗൾഫ് സ്ഥിരതക്ക് നേരെയുള്ള ഏതൊരു ഭീഷണിയും കൂട്ടായ അറബ് സുരക്ഷക്ക് നേരിട്ടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ ലംഘനങ്ങൾ തടയുന്നതിന് ഇടപെടാനും നിയമപരവും ധാർമ്മികവുമായ ബാധ്യതകൾ നിറവേറ്റാൻ അന്താരാഷ്ട്ര സമൂഹത്തോടും ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിനോടും അൽ യമാഹി ആഹ്വാനം ചെയ്തു.

Tags:    
News Summary - GCC condemns attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.