ഒടിഞ്ഞ കൈയും പാരീസിലെ പൂരവും

പാരീസിലെത്തി, എങ്ങും ഉത്സവപ്രതീതി. ആദ്യ മത്സരം ക്രൊയേഷ്യയും നെതെർലാൻഡ്‌സും തമ്മിലുള്ള ലൂസേഴ്‌സ് ഫൈനൽ. സ്റ്റേഡിയം നിറഞ്ഞ് ഓറഞ്ച് ജേഴ്സികൾ. ആരവങ്ങൾക്ക് നടുവിലിരുന്ന് ഞാൻ ഓർത്തത് പുറയാറിലെ ഗ്രൗണ്ടിൽ വീണ് പരിക്ക് പറ്റി തകർന്ന എന്റെ ഫുട്ബാൾ സ്വപ്നങ്ങളും, പ്രതീക്ഷിക്കാതെ വന്നുചേർന്ന സൗഭാഗ്യവും

പത്രത്തിലും റേഡിയോയിലും വരുന്ന കളി വിശേഷങ്ങൾ ആവേശം പടർത്തിയ കാലം. സന്തോഷ് ട്രോഫിയും നെഹ്‌റു ഗോൾഡ് കപ്പും, പിന്നെ മുളയും പലകയും കൊണ്ട് തീർത്ത ഗാലറികളും ഒക്കെ സ്വപ്നങ്ങളിൽ നിറഞ്ഞ പ്രായം. ഒമ്പതാം ക്ലാസ്സിലെ പരീക്ഷാത്തലേന്ന് വീട്ടുകാരറിയാതെ ഫുട്ബാൾ കളിക്കാൻ പോയി. തിരിച്ച് വന്നത് ഒടിഞ്ഞ വലത് കയ്യുമായി. അന്ന് ബാൻ ചെയ്യപ്പെട്ട ഫുട്ബാൾ കളിയിലേക്ക് കൗമാര-യൗവനങ്ങളിൽ ഇറങ്ങാൻ പറ്റിയില്ല. എന്നാലും ഫുട്ബാളുമായുള്ള പ്രണയം തുടർന്നു.

ഫാസ്റ്റ് ഫോർവേഡ് ടു 1998. ഫ്രാൻസിൽ നടക്കുന്ന വേൾഡ് കപ്പിലെ ഫൈനൽ അടക്കം രണ്ട് മത്സരങ്ങൾ കാണാനുള്ള ഭാഗ്യം ലഭിച്ച സുവർണ വർഷം. (ജോലിസ്ഥാപനം സ്പോൺസർ ചെയ്തു, ഫ്രാൻസ് ട്രിപ്പും ടിക്കറ്റുകളും)പാരീസിലെത്തി, എങ്ങും ഉത്സവപ്രതീതി. ആദ്യ മത്സരം ക്രൊയേഷ്യയും നെതെർലാൻഡ്‌സും തമ്മിലുള്ള ലൂസേഴ്‌സ് ഫൈനൽ.

സ്റ്റേഡിയം നിറഞ്ഞ് ഓറഞ്ച് ജേഴ്സികൾ. ആരവങ്ങൾക്ക് നടുവിലിരുന്ന് ഞാൻ ഓർത്തത് പുറയാറിലെ ഗ്രൗണ്ടിൽ വീണ് പരിക്ക് പറ്റി തകർന്ന എന്റെ ഫുട്ബാൾ സ്വപ്നങ്ങളും, ഒരിക്കലും പ്രതീക്ഷിക്കാതെ വന്നുചേർന്ന ഈ സൗഭാഗ്യവും.

ക്രോയേഷ്യയുടെ സുക്കർ ആയിരുന്നു അന്നത്തെ ഹീറോ. അവർ ആ മത്സരം ജയിച്ച് മൂന്നാം സ്ഥാനത്തെത്തി.

പാരീസിലെ പ്രശസ്തമായ സ്റ്റെഡ് ഡി ഫ്രാൻസ് സ്റ്റേഡിയത്തിലായിരുന്നു ഫൈനൽ, ഫ്രാൻസും ബ്രസീലും തമ്മിൽ.

ഫ്രാൻസ് ഫൈനലിൽ എത്തുമെന്ന് അന്നാട്ടുകാർ പോലും വിശ്വസിച്ചിരുന്നില്ല. കളിയുടെ അന്നും തലേന്നും പാരിസ് ചുറ്റിക്കറങ്ങുമ്പോൾ ഒരുപാട് ഫ്രഞ്ചുകാർ നമ്മോട് ചോദിച്ചു, എൻട്രി പാസ് ഉണ്ടോ, നല്ല വില തരാമെന്ന്. ആ വലിയ വില കേട്ട് ഒരു നിമിഷം പതറിയെങ്കിലും വിട്ടുകൊടുത്തില്ല, ടിക്കറ്റ് സുരക്ഷിതമായി സൂക്ഷിച്ച് സ്റ്റേഡിയത്തിലെത്തി.

മഞ്ഞ-നീല ജേഴ്സികൾ കൊണ്ട് നിറഞ്ഞ ഗാലറികൾ. ആഘോഷങ്ങളുടെ ഭാഗമായി റിക്കി മാർട്ടിന്റെ ലൈവ് പെർഫോമൻസും വൈ.എസ്.എലിന്റെ മെഗാ ഫാഷൻ ഷോയും!

റൊണാൾഡോ തിളങ്ങിനിൽക്കുന്ന സമയം. പക്ഷെ കളിക്ക് മുൻപ് ദുരൂഹമായ എന്തോ സംഭവിച്ചു. ബ്രസീൽ ആരാധകരെ നിരാശരാക്കിയ മോശം പ്രകടനമാണ് അന്ന് കണ്ടത്. ഫലമോ, അപ്രതീക്ഷിതമായി ഫ്രാൻസ് ചാമ്പ്യന്മാരായി, സിദാൻ എന്ന താരത്തിന്റെ ഉദയവും!

പിന്നീട് പല ലോകകപ്പുകൾ വന്നുപോയി, അനവധി ഗംഭീര മൽസരങ്ങൾ കണ്ടു, പല രാജ്യങ്ങൾ കപ്പുയർത്തി. എങ്കിലും അന്നത്തെ കളിയുടെ പൂരം ഇപ്പോഴും ഓർമ്മയിൽ പച്ചപുതച്ചു മായാതെ നിൽക്കുന്നു.

Tags:    
News Summary - football diary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.