കുവൈത്ത് സിറ്റി: പകർച്ചവ്യാധി തടയുന്നതിനുള്ള നിയമപരമായ കരാറിന്റെ കരട് കുവൈത്തും ലോകാരോഗ്യ സംഘടനയും (ഡബ്ല്യു.എച്ച്.ഒ) ചർച്ചചെയ്തു. ഭാവിയിൽ ഏതെങ്കിലും പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടാൽ അവ തടയുന്നതിന് ഒരുമിച്ച് പ്രവർത്തിക്കുമെന്ന് കരടിൽ പറയുന്നു.
ഐക്യരാഷ്ട്രസഭ(യു.എൻ)യിലെ കുവൈത്തിന്റെ സ്ഥിരം പ്രതിനിധിയും, മറ്റ് അന്താരാഷ്ട്ര സംഘടനകളുടെ അംബാസഡറുമായ നാസർ അൽ ഹെയ്‌നും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് ഗെബ്രിയേസസും ജനീവയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കോവിഡ് -19 മഹാമാരിയിൽനിന്ന് പഠിച്ച പാഠങ്ങൾ പ്രയോഗിക്കുന്നതിന് പുറമെ, പുതിയ കാര്യങ്ങൾകൂടി ലോകാരോഗ്യ സംഘടനയുമായുള്ള ചർച്ചകളിൽ ഉൾപ്പെടുത്തിയതായി യോഗത്തിന് ശേഷം അൽ ഹെയ്ൻ വിശദീകരിച്ചു. ആരോഗ്യ സംവിധാനങ്ങളുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങളിൽ ഇടപെടുന്നതിൽ ലോകാരോഗ്യ സംഘടനയെ അദ്ദേഹം പ്രശംസിച്ചു. പകർച്ചവ്യാധികൾ, അടിയന്തര സാഹചര്യങ്ങൾ എന്നിവ നേരിടുന്നതിലും പ്രതിരോധിക്കുന്നതിലും ലോകാരോഗ്യ സംഘടനയുടെ പ്രാധാന്യവും ഫലപ്രദമായ പങ്കും അദ്ദേഹം ചൂണ്ടിക്കാട്ടി.
കുവൈത്തിന്റെ ആരോഗ്യസംവിധാനം വികസിപ്പിക്കുന്നതിനായി ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള താൽപര്യവും അൽ ഹെയ്ൻ വ്യക്തമാക്കി. അതിനിടെ, കോവിഡ് മഹാമാരി സമയത്തും അതിനുശേഷവും കുവൈത്തിന്റെ ആരോഗ്യ സംവിധാനം മികവുറ്റതായിരുന്നു എന്നു ചൂണ്ടിക്കാട്ടിയ ഗെബ്രിയേസസ്, കുവൈത്തിന്റെ ആരോഗ്യരംഗത്തെ പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.