പിടിച്ചെടുത്ത വസ്തുക്കളും പ്രതിയും
കുവൈത്ത് സിറ്റി: രാജ്യത്ത് മയക്കുമരുന്നിനെതിരായ ശക്തമായ നടപടികൾ തുടരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധയിൽ മയക്കുമരുന്നുകളും സൈക്കോട്രോപിക് ലഹരിവസ്തുക്കളുമായി ഒരാൾ പിടിയിലായി. മൻകഫിൽ നിന്ന് അറബ് വംശജനായ പ്രവാസിയെ മയക്കുമരുന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തീവ്രമായ അന്വേഷണങ്ങൾക്കും ഫീൽഡ് നിരീക്ഷണത്തിനും ശേഷമാണ് അറസ്റ്റ് നടന്നത്. പ്രതിയെ പിടികൂടിയ ഉദ്യോഗസ്ഥർ മയക്കുമരുന്ന് രാസവസ്തുക്കൾ കലർത്തിയ 140 എ-4 പേപ്പർ ഷീറ്റുകൾ, 40 ഗ്രാം ഹാഷിഷ്, 15 ഗ്രാം ക്രിസ്റ്റൽ മെത്ത്, 200 മില്ലി ലഹരി വസ്തുക്കൾ, പാക്കേജിംഗിനും വിതരണത്തിനും ഉപയോഗിക്കുന്നതായി കരുതുന്ന രണ്ട് സെൻസിറ്റീവ് സ്കെയിലുകൾ എന്നിവ പിടിച്ചെടുത്തു. ലഹരികടത്താൻ മയക്കുമരുന്ന് വ്യാപാരികൾ അടുത്തിടെ പുതിയ രീതികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. മയക്കുമരുന്ന് മറച്ചുവെക്കാനും കണ്ടെത്തൽ ഒഴിവാക്കാനും ഉപയോഗിക്കുന്ന രാസവസ്തുക്കൾ ചേർത്ത പേപ്പറുകൾ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ മയക്കുമരുന്ന് വിരുദ്ധ ഉദ്യോഗസ്ഥരുടെ ജാഗ്രത വസ്തുക്കൾ തിരിച്ചറിയാനും തടയാനും സഹായിച്ചു.
പിടിച്ചെടുത്ത വസ്തുക്കൾക്കൊപ്പം പ്രതിയെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. മയക്കുമരുന്ന് കടത്ത്, വിൽപ്പന, ഉപയോഗം എന്നിവക്കെതിരെ പരിശോധനകളും ശക്തമായ നടപടികളും തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.