കുവൈത്ത് സിറ്റി: നെസ്ലെയുടെ അറിയിപ്പിനെത്തുടർന്ന് കുവൈത്ത് വിപണിയിൽ നിന്ന് ചില ബേബി ഫുഡ് ഉൽപന്നങ്ങൾ തിരിച്ചുവിളിച്ചതായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷ്യൻ (പി.എ.എഫ്.എൻ) അറിയിച്ചു. നെസ്ലെ നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ അരാച്ചിഡോണിക് ആസിഡ് (എ.ആർ.എ) എണ്ണയിൽ ‘സെറ്യൂലൈഡിന്റെ’ അംശം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇത് ഭക്ഷ്യ വിഷബാധക്ക് കാരണമാകുമെന്നാണ് വിലയിരുത്തൽ.
മുലപ്പാലിന് പകരം കുഞ്ഞുങ്ങൾക്ക് നൽകുന്ന ഉൽപന്നങ്ങളിലാണ് വിഷബാധ സ്ഥിരീകരിച്ചത്. തുടർന്ന് നെസ്ലെ ബേബി ഫുഡ് ഉൽപന്നങ്ങൾ ആഗോളതലത്തിൽ തിരിച്ചുവിളിച്ചിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ ചട്ടങ്ങൾക്കനുസൃതമായ പ്രതിരോധ നടപടിയുടെ ഭാഗമാണ് തീരുമാനമെന്നും വിതരണക്കാർ നടപടിക്രമങ്ങൾ പൂർണമായും പാലിക്കണമെന്നും ഇത്തരം ഉൽപ്പന്നങ്ങളുടെ വിൽപ്പനയും ഉപയോഗവും ഉടൻ നിർത്തണമെന്നും പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷ്യൻ ആവശ്യപ്പെട്ടു. തിരിച്ചുവിളിച്ച ബാച്ച് നമ്പറുകൾ പരിശോധിക്കാനും ഔദ്യോഗിക ചാനലുകൾ വഴി നൽകുന്ന നിർദേശങ്ങൾ പാലിക്കാനും ആവശ്യപ്പെട്ടു.
മണ്ണിൽ സാധാരണയായി കാണപ്പെടുന്ന സൂക്ഷ്മാണുവായ ബാസിലസ് സെറിയസ് എന്ന ബാക്ടീരിയയുടെ ചില വകഭേദങ്ങളെ ഉൽപാദിപ്പിക്കുന്ന വിഷവസ്തുവാണ് സെറ്യൂലൈഡ്. ഇത് ഭക്ഷ്യജന്യ രോഗങ്ങൾക്ക് കാരണമാകും. മുലപ്പാലിൽ കാണപ്പെടുന്ന അവശ്യ ഫാറ്റി ആസിഡുകൾ പുനർനിർമിക്കുന്നതിനായി ബേബി ഫുഡിൽ ചേർക്കുന്ന ഘടകമായ അരാച്ചിഡോണിക് ആസിഡ് എണ്ണയിൽ നിന്നാണ് വിഷബാധ ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.