മനാമ: ലൈസൻസില്ലാതെ സാമ്പത്തിക ഇടപാടുകൾ നടത്തുന്നവർക്കും ബാങ്കിംഗ് നിയമങ്ങൾ ലംഘിക്കുന്നവർക്കും കടുത്ത ശിക്ഷ ഉറപ്പാക്കുന്ന പുതിയ നിയമഭേദഗതി ബഹ്റൈൻ പാർലമെന്റ് ചർച്ചക്കെടുക്കുന്നു. 2006ലെ സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈൻ (സി.ബി.ബി) നിയമത്തിലെ 161ാം വകുപ്പിലാണ് സുപ്രധാനമായ ഭേദഗതികൾ വരുത്തുന്നത്. നിലവിലുള്ള നിയമങ്ങൾ പരിഷ്കരിച്ചുകൊണ്ടുള്ള പുതിയ നിയമനിർമാണത്തിന്മേൽ പാർലമെന്‍റ് വരും ദിവസങ്ങളിൽ വോട്ടെടുപ്പ് നടത്തും.
രാജ്യത്തിന്‍റെ സാമ്പത്തിക മേഖലയുടെ സുതാര്യതയും വിശ്വാസ്യതയും വർധിപ്പിക്കുക എന്നതാണ് പ്രധാനലക്ഷ്യം. പുതിയ ഭേദഗതി പ്രകാരം നിയമലംഘകർക്ക് താഴെ പറയുന്ന ശിക്ഷകൾ ലഭിക്കാം. നിലവിലുണ്ടായിരുന്ന പിഴ ശിക്ഷയ്ക്ക് പുറമെ ഇനി മുതൽ തടവുശിക്ഷയും നിയമം വ്യവസ്ഥ ചെയ്യുന്നു.
കുറ്റത്തിന്റെ ഗൗരവമനുസരിച്ച് 10 ലക്ഷം ദീനാർ വരെ പിഴ ചുമത്താൻ കോടതികൾക്ക് അധികാരമുണ്ടാകും. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഒരുപോലെ ശിക്ഷ ബാധകമായിരിക്കും. കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള അന്താരാഷ്ട്ര സമിതിയായ 'എഫ്.എ.ടി.എഫ്' നടത്തുന്ന മൂല്യനിർണയത്തിൽ ബഹ്റൈൻ പിന്നിലാകാതിരിക്കാൻ ഈ നിയമം സഹായിക്കുമെന്ന് പാർലമെന്‍റിലെ സാമ്പത്തിക കാര്യ സമിതി അധ്യക്ഷൻ അഹമ്മദ് അൽ സല്ലൂം പറഞ്ഞു. നിയമം കർക്കശമാക്കിയില്ലെങ്കിൽ രാജ്യം 'ഗ്രേ ലിസ്റ്റിൽ' ഉൾപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ആഭ്യന്തര മന്ത്രാലയം, സെൻട്രൽ ബാങ്ക്, ബഹ്റൈൻ ചേംബർ, അസോസിയേഷൻ ഓഫ് ബാങ്ക്സ് എന്നിവർ പുതിയ നിയമത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കൃത്യമായ മുന്നറിയിപ്പ് നൽകാൻ തടവുശിക്ഷ കൂടി ഉൾപ്പെടുത്തിയതിലൂടെ സാധിക്കുമെന്ന് അധികൃതർ വിലയിരുത്തുന്നു.
സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് നിയമം പാലിക്കുന്നതിനായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കണമെന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.