മനാമ: ഇറാൻ ബന്ധത്തെ തുടർന്ന് അറസ്റ്റിലായ പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തത് ആറ് ലക്ഷം ബഹ്‌റൈൻ ദിനാർ. ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രാജ്യത്തെ വിവിധ മേഖലകളിലുള്ളവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇറാൻ അനുകൂല പ്രത്യയശാസ്ത്രങ്ങൾ പ്രചരിപ്പിക്കാനും ഭീകരപ്രവർത്തനങ്ങൾക്ക് ഫണ്ട് നൽകാനുമാണ് ഈ പണം സൂക്ഷിച്ചിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. അറസ്റ്റിലായവർക്ക് പുറമെ 69 പേരുടെ പൗരത്വം റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
പ്രമുഖ കുടുംബങ്ങൾ നടത്തിവന്നിരുന്ന മസ്ജിദുകളിലും മാതമുകളിലും ഇവർ നുഴഞ്ഞുകയറുകയും അവിടുത്തെ ഭരണസംവിധാനങ്ങളെ ഭീഷണിപ്പെടുത്തി പുറത്താക്കുകയും ചെയ്തു. ഇത്തരം കേന്ദ്രങ്ങളെ റിക്രൂട്ട്‌മെന്റിനും ആശയപ്രചാരണത്തിനുമായി സംഘം ഉപയോഗിച്ചു. വൻതോതിൽ പണം ശേഖരിച്ച് വീടുകളിൽ ഒളിപ്പിക്കുകയും ഭീകരപ്രവർത്തനങ്ങൾക്കായി വിദേശത്തേക്ക് അയക്കുകയും ചെയ്തു. ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്സുമായി ബന്ധപ്പെട്ട് മിലിഷ്യകളെ കെട്ടിപ്പടുക്കാനും ഇവർക്ക് പ്രത്യേക ക്യാമ്പുകളിൽ ആയുധ പരിശീലനം നൽകാനും സംഘം ശ്രമിച്ചു. വിലായത്ത് അൽ-ഫഖീഹ് പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സോഷ്യൽ മീഡിയയെയും ഇവർ ഉപയോഗിച്ചതായും മന്ത്രി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.