ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുള്ള ആൽ ഖലീഫ
മനാമ: ബഹ്‌റൈന്റെ ആഭ്യന്തര സുരക്ഷയെയും സമാധാനത്തെയും തകർക്കാൻ ശ്രമിക്കുന്ന വിദേശ ശക്തികൾക്കും അവരുടെ ഏജന്റുമാർക്കുമെതിരെ അതിശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി ജനറൽ ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുള്ള ആൽ ഖലീഫ പ്രഖ്യാപിച്ചു. രാജ്യത്തെ വിവിധ സാമൂഹിക വിഭാഗങ്ങളിലെ പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഈ സുപ്രധാന പ്രസ്താവന നടത്തിയത്.
രാജ്യം നേരിടുന്ന അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നേതൃത്വത്തെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നടപടികളെയും അദ്ദേഹം പ്രശംസിച്ചു. ഇറാൻ നടത്തുന്ന അധിനിവേശ നീക്കങ്ങളെയും ഇടപെടലുകളെയും മന്ത്രി ശക്തമായി അപലപിച്ചു. 'വിലായത്ത് അൽ-ഫഖീഹ്' എന്ന സിദ്ധാന്തത്തിലൂടെ ജനങ്ങളുടെ വിശ്വസ്തത മാറ്റാൻ ഇറാൻ ശ്രമിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. 1979ലെ വിപ്ലവത്തിന് ശേഷം ബഹ്‌റൈന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇറാൻ തുടർച്ചയായി ഇടപെടുകയാണ്. ബഹ്‌റൈന് നേരെ നടന്ന ഇറാൻ ആക്രമണത്തെ പിന്തുണച്ചവരോടും സന്തോഷം പ്രകടിപ്പിച്ചവരോടും ഒരു ദയയുമില്ലാതെ നടപടിയെടുത്തു കഴിഞ്ഞു. അത്തരക്കാരുടെ പൗരത്വം റദ്ദാക്കി അവരെ നാടുകടത്തിയതായും മന്ത്രി വ്യക്തമാക്കി.
ഇറാൻ അനുകൂല സംഘടനകൾ ബഹ്‌റൈനിലെ ആരാധനാലയങ്ങളെയും മതാചാര ചടങ്ങുകളെയും തങ്ങളുടെ അജണ്ടകൾക്കായി ദുരുപയോഗം ചെയ്യുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഒരാളുടെ വീട്ടിൽ നിന്ന് മാത്രം ആറ് ലക്ഷം ഡോളർ പിടിച്ചെടുത്തത് ഭീകരവാദത്തിന് പണം എത്തുന്നതിന്റെ തെളിവാണ്. മതാചാര കേന്ദ്രങ്ങളെ റിക്രൂട്ട്‌മെന്റ് സെന്ററുകളാക്കി മാറ്റാനാണ് ഇവർ ശ്രമിക്കുന്നത്. സോഷ്യൽ മീഡിയ വഴി വ്യാജ പ്രചാരണങ്ങൾ നടത്തി രാജ്യത്ത് വർഗീയത വളർത്താൻ ശ്രമിക്കുന്ന കുറ്റവാളികളെ വെച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
ബഹ്‌റൈനിലെ ഷിയാ വിഭാഗത്തെ ലക്ഷ്യം വെക്കുന്നു എന്ന പ്രചാരണവും മന്ത്രി തള്ളി. ഷിയാ വിഭാഗം ബഹ്‌റൈന്റെ ചരിത്രത്തിന്റെയും വർത്തമാനത്തിന്റെയും അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയും നിയമവും എല്ലാ പൗരന്മാരെയും തുല്യമായാണ് കാണുന്നത്. രാജ്യത്തിന്റെ സുരക്ഷയാണ് ഏറ്റവും പ്രധാനം. രാജ്യദ്രോഹികളെയും ശത്രുക്കളെയും തുരത്തി സുരക്ഷാ രംഗം ശുദ്ധീകരിക്കുന്ന നടപടികൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ താൽപ്പര്യങ്ങൾക്കും രാജ്യത്തിന്റെ സ്ഥിരതയ്ക്കും മുകളിൽ മറ്റൊന്നിനും സ്ഥാനമില്ലെന്നും ബഹ്‌റൈന്റെ സുരക്ഷ ഒരു 'റെഡ് ലൈൻ' ആണെന്നും യോഗത്തിൽ പങ്കെടുത്ത പൗരപ്രമുഖർ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.