പ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സാലിം അസ്സബാഹും ഇറ്റാലിയൻ
പ്രതിരോധ മന്ത്രി ഗൈഡോ ക്രോസെറ്റോയും
കുവൈത്ത് സിറ്റി: സഹകരണവും ഏകോപനവും വർധിപ്പിക്കൽ, വിവിധ മേഖലകളിലെ വൈദഗ്ധ്യം പങ്കിടൽ എന്നിവയുടെ ഭാഗമായി കുവൈത്തും ഇറ്റലിയും പുതിയ സൈനിക കരാറിൽ ഒപ്പുവെച്ചു.
കുവൈത്ത് പ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സാലിം അസ്സബാഹും ഇറ്റാലിയൻ പ്രതിരോധ മന്ത്രി ഗൈഡോ ക്രോസെറ്റോയും കരാറിൽ ഒപ്പുവെച്ചു. ശൈഖ് അബ്ദുല്ലയുടെ ഇറ്റലി സന്ദർശനത്തിനിടെയായിരുന്നു ചടങ്ങ്. ഇരു രാജ്യങ്ങളുടെയും സായുധ സേനകൾക്കിടയിൽ സംയുക്ത പ്രവർത്തന സംവിധാനം വികസിപ്പിക്കാനും കരാർ വഴി ലക്ഷ്യമിടുന്നു. ഇറ്റാലിയൻ പ്രതിരോധ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പൊതു താൽപര്യമുള്ള വിഷയങ്ങൾ, പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങൾ, സ്ഥിരതയും സുരക്ഷയും കൈവരിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ എന്നിവ ഇരുപക്ഷവും ചർച്ച ചെയ്തു. ക്രിയാത്മക സഹകരണം, ദീർഘകാല തന്ത്രപരമായ പങ്കാളിത്തം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് കുവൈത്തും ഇറ്റലിയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധമെന്ന് ശൈഖ് അബ്ദുല്ല പറഞ്ഞു. ഇരു രാജ്യങ്ങൾക്കിടയിൽ സൈനിക, പ്രതിരോധ സഹകരണം തുടരാനുള്ള പരസ്പര താൽപര്യവും അദ്ദേഹം പരാമർശിച്ചു. ഇരുവശത്തുനിന്നുമുള്ള മുതിർന്ന സൈനിക ഉദ്യോഗസ്ഥരും കമാൻഡർമാരും ഒപ്പുവെക്കൽ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.