കുവൈത്ത് സിറ്റി: രാജ്യത്ത് പൊതുമേഖലകളിലും സ്വകാര്യ മേഖലയിലും ജോലിചെയ്യുന്ന വിദേശികളുടെ എണ്ണം കുറക്കുന്നതിന് സിവിൽ സർവിസ് കമീഷൻ നീക്കം തുടങ്ങിയതായി റിപ്പോർട്ട്. ഇതിനായുള്ള നടപടികള്‍ ആരംഭിച്ചതായും പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
വിദേശികളെ കഴിയാവുന്നത്ര ഒഴിവാക്കി തൊഴില്‍ മേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതൽ ജോലി നല്‍കണമെന്ന നയത്തിന്റെ ഭാഗമായാണ് നടപടി. മൂന്നുഘട്ടമായാണ് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്.
ആദ്യഘട്ടത്തിൽ, രാജ്യത്ത് അനധികൃതമായി താമസിക്കുന്ന വിദേശികളെ കണ്ടെത്തും. ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഇതിനായി പരിശോധന കാമ്പയിന് ആരംഭിച്ചിട്ടുണ്ട്. പരിശോധനയില്‍ പിടിക്കപ്പെടുന്നവരെ സ്പോണ്‍സര്‍മാരുടെ ചെലവില്‍ നാടുകടത്തും. രണ്ടാം ഘട്ടത്തിൽ തൊഴില്‍ മേഖലയില്‍ വിദേശികള്‍ ആവശ്യമില്ലാത്ത ജോലികള്‍ ഏതെന്ന് കണ്ടെത്തി വർക്ക് പെർമിറ്റ് പുതുക്കുന്നത് നിര്‍ത്തും.
പ്രത്യേക പരീക്ഷകൾ ഏർപ്പെടുത്തി തൊഴില്‍ മേഖലയില്‍ ആവശ്യമായ പ്രഫഷനൽ ജോലികൾക്ക് മാത്രം വിസ നൽകുന്നതായിരിക്കും മൂന്നാമത്തെ ഘട്ടമെന്നും സിവിൽ സർവിസ് കമീഷൻ അറിയിച്ചു.
നേരത്തെ എൻജിനീയര്‍ തസ്തികയില്‍ വിദേശികള്‍ക്ക് യോഗ്യതാ പരീക്ഷ നിര്‍ബന്ധമാക്കിയിരുന്നു. അവിദഗ്ധ തൊഴിലാളികളെ കുറക്കലും തൊഴിൽ മേഖലയിൽ പ്രഫഷനലിസം കൊണ്ടുവരുന്നതും ലക്ഷ്യമാണ്.
രണ്ടുമാസത്തിനിടെ നാടുകടത്തിയത് 6112 പേരെ, കർശന നടപടി തുടരുന്നു
കുവൈത്ത് സിറ്റി: രാജ്യത്ത് താമസ, തൊഴിൽ നിയമലംഘകർക്കെതിരെ കർശന നടപടി തുടരുന്നു. ഇത്തരക്കാരെ പിടികൂടി നാടുകടത്തുകേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയും നടപടികൾക്കുശേഷം നാടുകടത്തുകയുമാണ് പതിവ്.
ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ താമസനിയമവും ജോലിയും ലംഘിച്ച 6112 പേരെ നാടുകടത്തിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ആഗസ്റ്റിൽ 585ഉം സെപ്റ്റംബറിൽ 204ഉം ഉൾപ്പെടെ 789 നിയമലംഘകരെ അറസ്റ്റ് ചെയ്തു. ഇതേ കാരണത്താൽ സെപ്റ്റംബർ 28 മുതൽ ഒക്ടോബർ ആറുവരെയുള്ള കാലയളവിൽ 45 പേരെയും അറസ്റ്റ് ചെയ്തതായി മന്ത്രാലയത്തിന്റെ സുരക്ഷാമാധ്യമ, പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസ്താവനയിൽ അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കാൻ പൗരന്മാരോടും താമസക്കാരോടും മന്ത്രാലയം അഭ്യർഥിച്ചു. താമസ നിയമലംഘകരെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവെക്കരുതെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.