വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബർ അസ്സബാഹും (വലത്) ഫിലിപ്പീൻസ് ചാർജ് ഡി അഫയേഴ്സ് ജോസ് കബ്രേരയും കൂടിക്കാഴ്ചയിൽ
കുവൈത്ത് സിറ്റി: രാജ്യത്ത് ജോലി ചെയ്യാൻ ഉദ്ദേശിക്കുന്ന ഫിലിപ്പീൻസ് തൊഴിലാളികളുടെ യാത്ര നിർത്തിവെക്കില്ല. ഫിലിപ്പീൻസ് മൈഗ്രന്റ് വർക്കേഴ്സ് സെക്രട്ടറി സൂസൻ ഒപ്ലെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുവൈത്തിൽ ഫിലിപ്പീൻസ് വീട്ടുജോലിക്കാരിയായ ജുലേബി റാണാരയുടെ കൊലപാതകത്തിന് ശേഷം ഈ വിഷയത്തിൽ അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബർ അസ്സബാഹും ഫിലിപ്പീൻസ് ചാർജ് ഡി അഫയേഴ്സ് ജോസ് കബ്രേരയും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിന് പിറകെയാണ് പ്രസ്താവന. പ്രതിയെ പിടികൂടുന്നതിലും വേഗത്തിൽ നടപടികൾ പൂർത്തിയാക്കി യുവതിയുടെ മൃതദേഹം നാട്ടിലേക്ക് അയച്ചതിലും അധികാരികളുടെ സഹകരണത്തിനും ഫിലിപ്പീൻസ് നയതന്ത്രജ്ഞൻ നന്ദി അറിയിച്ചു.
ഫിലിപ്പീൻസ് യുവതിയുടെ കൊലപാതകത്തെ അപലപിച്ച വിദേശകാര്യ മന്ത്രി ശൈഖ് സലീം, പ്രതി ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പുനൽകി. കുറ്റവാളിയുടെ പ്രവർത്തനങ്ങൾ കുവൈത്ത് സമൂഹത്തിന്റെയും സർക്കാറിന്റെയും സ്വഭാവത്തെയും മൂല്യങ്ങളെയും പ്രതിഫലിപ്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തോടും ഫിലിപ്പീൻസ് സർക്കാറിനോടും തന്റെ അഗാധമായ അനുശോചനം അദ്ദേഹം അറിയിച്ചു.ദേശീയ നിയമങ്ങളുടെയും അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും വ്യവസ്ഥകൾ പ്രകാരം, ഫിലിപ്പൈനികൾ അടക്കം കുവൈത്തിലെ എല്ലാ പ്രവാസി തൊഴിലാളികളുടെയും സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കുമെന്ന് മന്ത്രി ശൈഖ് സലീം ഉറപ്പുനൽകി. ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള സൗഹൃദത്തെ ഈ വ്യക്തിഗത പ്രവൃത്തി ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ചയാണ് സാൽമി മരുഭൂമിയിൽനിന്ന് 35കാരിയായ ജുലേബി റണാരയുടെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ 17 വയസ്സുകാരൻ അറസ്റ്റിലായി. ഇതിനുപിറകെ ഫിലിപ്പീൻസ് തൊഴിലാളികളെ കുവൈത്തിലേക്ക് വിന്യസിക്കുന്നത് നിർത്തണമെന്ന് ഫിലിപ്പീൻസിലെ പാർലമെന്റ് അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. വീട്ടുജോലിക്കാർ ഉൾപ്പെടെ ഏകദേശം 268,000 ഫിലിപ്പീൻസുകാർ നിലവിൽ കുവൈത്തിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്.
2018ൽ ഫിലിപ്പീൻസ് വീട്ടുജോലിക്കാരി ജോവാന ഡാനിയേല ഡെമാഫെലിസ് കൊല്ലപ്പെട്ടത് വലിയ ചർച്ചയായിരുന്നു. ഉപേക്ഷിക്കപ്പെട്ട അപ്പാർട്മെന്റിലെ ഫ്രീസറിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഫിലിപ്പീൻസ് കുവൈത്തിലേക്ക് തൊഴിലാളികളുടെ വിന്യാസം നിരോധിച്ചു. തൊഴിലാളികൾക്കുള്ള സംരക്ഷണ കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചതിനെത്തുടർന്ന് വൈകാതെ നിരോധനം പിൻവലിച്ചു. 2019 മേയിൽ ഫിലിപ്പൈൻ വേലക്കാരി കോൺസ്റ്റാൻഷ്യ ലാഗോ ദയാഗ് കുവൈത്തിൽ കൊല്ലപ്പെട്ടു. മാസങ്ങൾക്കുശേഷം, മറ്റൊരു വീട്ടുജോലിക്കാരിയായ ജീൻലിൻ വില്ലവെൻഡെയും കൊല്ലപ്പെട്ടു. ഇതോടെ 2020 ജനുവരിയിൽ ഫിലിപ്പീൻസ് വീണ്ടും തൊഴിലാളി വിന്യാസ നിരോധനം ഏർപ്പെടുത്തി. സംഭവത്തിലെ പ്രതിക്ക് കർശന ശിക്ഷ വിധിച്ചതോടെയാണ് നിരോധനം നീങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.