കുവൈത്ത് സിറ്റി: അതിർത്തി പ്രദേശത്തെ ന്യൂട്രൽ സോണിൽ സംയുക്ത എണ്ണ ഖനനത്തിന് കുവൈ ത്തും സൗദിയും ഒരുക്കം പൂർത്തിയാക്കി. ട്രയൽ ഉൽപാദനം ഞായറാഴ്ച ആരംഭിക്കുമെന്നാണ് റ ിപ്പോർട്ട്. മൂന്നു മാസത്തിനകം വഫ്ര എണ്ണപ്പാടത്തുനിന്നുള്ള പെട്രോളിയം കയറ്റുമതി ചെയ്തേക്കും. പൈപ്പ് ലൈനും മറ്റും സംവിധാനങ്ങളും സ്ഥാപിക്കുന്ന പണി ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. നാലര വർഷത്തിന് ശേഷമാണ് സൗദിയിലെ ഖഫ്ജി, കുവൈത്തിലെ വഫ്ര എണ്ണപ്പാടങ്ങൾ ഉൾപ്പെടുന്ന അതിർത്തി പ്രദേശത്തെ ‘ന്യൂട്രൽ സോൺ’ എന്നറിയപ്പെടുന്ന ഭാഗത്ത് സംയുക്ത എണ്ണ ഖനനം പുനരാരംഭിക്കാനൊരുങ്ങുന്നത്. ഖഫ്ജിയിലെ ഉൽപാദനം ആരംഭിക്കാൻ ഏതാനും ദിവസം കൂടി എടുത്തേക്കും. പ്രതിദിനം 10,000 ബാരൽ പെട്രോളിയം ആവും ആദ്യം ഞായറാഴ്ച മുതൽ ഉൽപാദിപ്പിക്കുക. മാർച്ചിൽ 10,000 ബാരൽ കൂടി വർധിപ്പിക്കും. ആറുമാസംകൊണ്ട് ക്രമേണ വർധിപ്പിച്ച് പ്രതിദിനം 80,000 ബാരൽ എത്തിക്കാനാണ് പദ്ധതി.
ഒരു വർഷംകൊണ്ട് ഖഫ്ജിയിൽ 1,75,000 ബാരൽ ആയും വഫ്രയിൽ 1,45,000 ബാരൽ ആയും പ്രതിദിന ഉൽപാദനം ഉയർത്താൻ കഴിയുമെന്ന് അധികൃതർ പ്രതീക്ഷ പ്രകടിപ്പിച്ചു. ഖഫ്ജിയിൽ 2014 ഒക്ടോബറിലും വഫ്രയിൽ 2015 മേയിലുമാണ് ഉൽപാദനം നിർത്തിയത്. 5770 ചതുരശ്ര കിലോമീറ്റർ ഭാഗമാണ് ന്യൂട്രൽ സോൺ ആയി കണക്കാക്കുന്നത്. 1922ൽ ഉഖൈർ കൺവെൻഷനിൽ അതിർത്തി നിർണയിച്ചപ്പോൾ ഇൗ ഭാഗം അങ്ങനെ നിർത്തുകയായിരുന്നു. പ്രതിദിനം അഞ്ചു ലക്ഷം ബാരൽ എണ്ണ ഉൽപാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഇവിടത്തെ റിഫൈനറി. ഡിസംബർ 24ന് കുവൈത്തിലെത്തിയ സൗദി ഉൗർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ ആലു സഉൗദും കുവൈത്ത് വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്വബാഹും ഖനനം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കരാറിൽ ഒപ്പിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.