ക്രൗൺ പ്രിൻസ് കപ്പ് ഫുട്ബാൾ ടൂർണമെൻറിൽ ജേതാക്കളായ അൽ അറബി ക്ലബ്
കുവൈത്ത് സിറ്റി: ക്രൗൺ പ്രിൻസ് കപ്പ് ഫുട്ബാൾ ടൂർണമെൻറിൽ അൽ അറബി ക്ലബ് ജേതാക്കളായി. ശൈഖ് ജാബിർ സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ 5-4ന് കുവൈത്ത് സ്പോർട്ടിങ് ക്ലബിനെ കീഴടക്കിയാണ് അവർ കപ്പുയർത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ നേടി സമനില പാലിച്ചതിനെ തുടർന്ന് ഷൂട്ടൗട്ടിലൂടെ വിജയികളെ കണ്ടെത്തുകയായിരുന്നു.
ആദ്യ പകുതിയിൽ ഗോൾ പിറന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽതന്നെ അഹ്മദ് അൽ സൻകിയിലൂടെ കുവൈത്ത് എസ്.സി ലീഡ് നേടി.
അവർ ലീഡ് നിലനിർത്തി കപ്പടിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് 82ാം മിനിറ്റിൽ സൽമാൻ അൽ അവാദിയുടെ ഹെഡർ ഗോൾ അൽ അറബിയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. അൽ അറബിയുടെ വലീദ് അൽ ശുആല ചുവപ്പുകാർഡ് കണ്ട് പുറത്തായി. 29 തവണ ടൂർണമെൻറ് നടന്നപ്പോൾ എട്ടാം തവണയാണ് അൽ അറബി ജേതാക്കളാകുന്നത്. കുവൈത്ത് സ്പോർട്ടിങ് ക്ലബും ഖാദിസിയയും ഒമ്പതു തവണ വീതം ജേതാക്കളായിട്ടുണ്ട്. സാൽമിയ രണ്ടു തവണ കപ്പുയർത്തി.
കുവൈത്ത് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പാർലമെൻറ് സ്പീക്കർ മർസൂഖ് അൽ ഗാനിം തുടങ്ങിയ പ്രമുഖർ കളി കാണാനെത്തിയിരുന്നു.
കുവൈത്തിലെ പ്രമുഖ ആഭ്യന്തര കായിക ടൂർണമെൻറുകളിലൊന്നാണ് ക്രൗൺ പ്രിൻസ് കപ്പ് ഫുട്ബാൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.