കുവൈത്ത് സിറ്റി: ഗസ്സയുടെ പുനർനിർമാണത്തെ പിന്തുണക്കാൻ കുവൈത്ത് ഒരു ബില്യൺ ഡോളർ വാഗ്ദാനം ചെയ്തു. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വാഷിങ്ടണിൽ തന്റെ പുതിയ സമാധാന ബോർഡിന്റെ ആദ്യ യോഗം ആരംഭിച്ച പശ്ചാത്തലത്തിലാണ് പ്രഖ്യാപനം.
ഗസ്സയിലെ കൗൺസിലിന്റെ ശ്രമങ്ങളെ പിന്തുണക്കുന്നതിനും ഫലസ്തീനികളുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിനുമായി സംഭാവന നൽകുമെന്ന് വാഷിങ്ടണിൽ നടന്ന ഉദ്ഘാടന സെഷനിൽ സംസാരിച്ച കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ് പറഞ്ഞു. ഫലസ്തീൻ ജനതക്കും അവരുടെ ന്യായമായ ലക്ഷ്യത്തിനും കുവൈത്തിന്റെ തത്ത്വാധിഷ്ഠിതവും ഉറച്ചതും ചരിത്രപരവുമായ പിന്തുണ പുതുക്കുന്നതായും വ്യക്തമാക്കി.
ഫലസ്തീൻ വിഷയം വളരെക്കാലമായി കുവൈത്തിന്റെ വിദേശനയത്തിന്റെ ഒരു പ്രധാന കാര്യമാണ്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 20 ഇന പദ്ധതി ഉൾപ്പെടെ, സമാധാനം കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങളെയും സംരംഭങ്ങളെയും പിന്തുണക്കാൻ ഈ പ്രതിബദ്ധത കുവൈത്തിനെ ബാധ്യസ്ഥരാക്കുന്നതായും വ്യക്തമാക്കി.
ഗസ്സ പുനർനിർമാണ ഫണ്ടിലേക്കുള്ള പ്രാരംഭ പേമെന്റായി സംഭാവന നൽകുന്ന രാജ്യങ്ങൾ ഏഴു ബില്യൺ ഡോളർ സമാഹരിച്ചതായി ട്രംപ് പറഞ്ഞു. കുവൈത്ത്, കസാഖിസ്താൻ, അസർബൈജാൻ, യു.എ.ഇ, മൊറോക്കോ, ബഹ്റൈൻ, ഖത്തർ, സൗദി അറേബ്യ, ഉസ്ബെക്കിസ്താൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
സമാധാന ബോർഡിന് അമേരിക്ക 10 ബില്യൺ ഡോളർ സംഭാവന ചെയ്യുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ഗസ്സയിലെ ഫുട്ബാളുമായി ബന്ധപ്പെട്ട പദ്ധതികൾക്കായി ഫിഫ 75 മില്യൺ ഡോളർ സമാഹരിക്കുമെന്നും മാനുഷിക സഹായത്തിനായി ഐക്യരാഷ്ട്രസഭ രണ്ടു ബില്യൺ ഡോളർ സംഭാവന ചെയ്യുമെന്നും ട്രംപ് പറഞ്ഞു.
ഇസ്രായേൽ ആക്രമണത്തെ തുടർന്ന് സാരമായി തകർന്ന ഗസ്സയുടെ പുനർനിർമാണത്തിന് 70 ബില്യൺ ഡോളർവരെ ചിലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.