കുവൈത്ത് സിറ്റി: പ്രധാനമന്ത്രിയടക്കം മന്ത്രിസഭയിലെ മൂന്ന് അംഗങ്ങൾക്കെതിരെ എം.പിമാർ സമർപ്പിച്ച കുറ്റവിചാരണകൾ പാർലമെൻറ് ചൊവ്വാഴ്ച ചർച്ചചെയ്യും. പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അസ്സബാഹ്, പെട്രോളിയം, ജല-വൈദ്യുതി മന്ത്രി ബഗീത്ത് അൽ റഷീദി, തൊഴിൽ സാമൂഹികക്ഷേമ മന്ത്രി ഹിന്ദ് സബീഹ് എന്നിവർക്കെതിരെയുള്ള കുറ്റവിചാരണകളാണ് പാർലമെൻറ് പരിഗണിക്കുക.
അതിനിടെ, മൂന്ന് കുറ്റവിചാരണകളിൽ ചർച്ച പൂർത്തിയാക്കേണ്ടതുള്ളതിനാൽ പാർലമെൻറ് യോഗം ബുധനാഴ്ച പുലർച്ചവരെ നീണ്ടേക്കുമെന്ന് സ്പീക്കർ മർസൂഖ് അൽ ഗാനിം പറഞ്ഞു. ഒരു കുറ്റവിചാരണയുമായി ബന്ധപ്പെട്ട ചർച്ച പൂർത്തീകരിക്കണമെങ്കിൽതന്നെ 10 മുതൽ 11 മണിക്കൂർ വേണ്ടിവരുന്നതിനാലാണിത്. തിങ്കളാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെയാണ് സ്പീക്കർ ഇക്കാര്യം വ്യക്തമാക്കിയത്. ക്രമപ്രകാരം ആദ്യം പെട്രോളിയം മന്ത്രിക്കെതിരെയുള്ള പ്രമേയമാണ് അവതരിപ്പിക്കുക. തുടർന്ന് പ്രധാനമന്ത്രിക്കെതിരെയുള്ളതും ഏറ്റവും അവസാനം മന്ത്രി ഹിന്ദ് സബീഹിനെതിരെയുള്ള പ്രമേയവും ചർച്ച ചെയ്യും.
പ്രധാനമന്ത്രിക്കെതിരായ കുറ്റവിചാരണ പ്രമേയത്തിെൻറ അവതാരകൻ ഒരാൾ മാത്രമായതിനാൽ പാതി രാത്രിയോടെ ചർച്ച പൂർത്തിയാക്കാൻ സാധിക്കുമെന്ന് സ്പീക്കർ പ്രതീക്ഷ പുലർത്തി. വകുപ്പുകളിൽ നടക്കുന്ന കെടുകാര്യസ്ഥതകളും വഴിവിട്ട പ്രവർത്തനങ്ങളും ചൂണ്ടിക്കാട്ടിയാണ് മന്ത്രിമാർക്കെതിരെ എം.പിമാർ കുറ്റവിചാരണക്ക് നോട്ടീസ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.