കുവൈത്ത് സിറ്റി: കുവൈത്തിനെ ലക്ഷ്യമിട്ട് ചൊവ്വാഴ്ച പുലർച്ചെ തുടർച്ചയായ ആക്രമണം. ആക്രമണങ്ങളെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി നേരിട്ടതായി സൈന്യം അറിയിച്ചു. ഇതിന്റെ ഫലമായാണ് സ്ഫോടന ശബ്ദങ്ങൾ കേട്ടതെന്നും സൈന്യം വ്യക്തമാക്കി. സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ സംബന്ധിച്ച അടിയന്തര റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല.
അതേസമയം, വ്യോമ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അവശിഷ്ടങ്ങൾ വീണതിനെ തുടർന്ന് നിരവധി ഓവർഹെഡ് വൈദ്യുതി ലൈനുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇതിന്റെ ഫലമായി ഒന്നിലധികം പ്രദേശങ്ങളിൽ ഭാഗികമായി വൈദ്യുതി തടസ്സപ്പെട്ടതായി വൈദ്യുതി, ജല, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അറിയിച്ചു.
എഴ് ഓവർഹെഡ് ട്രാൻസ്മിഷൻ ലൈനുകൾ സേവനം നിർത്തിവച്ചതായി മന്ത്രാലയം വക്താവ് എഞ്ചിനീയർ ഫാത്തിമ അബ്ബാസ് ജവഹർ ഹയാത്ത് പറഞ്ഞു. വൈദ്യുതി വിതരണത്തിലെ തകരാറുകൾ പരിഹരിക്കുന്നതിനും സ്ഥിരത നിലനിർത്തുന്നതിനും അടിയന്തര സംഘങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും എത്രയും വേഗം വൈദ്യുതി പുന:സ്ഥാപിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
ഉദ്യോഗസ്ഥർ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പൊതുജനങ്ങൾ ശാന്തരായിരിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.