കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പുതിയ പാസഞ്ചർ ടെർമിനലിന്റെ (ടി-2) അവസാന ഘട്ടങ്ങൾ പൂർത്തിയാക്കുന്നതിന് കാരാറായി. ഇതുസംബന്ധിച്ച് മൂന്ന് സർക്കാർ സ്ഥാപനങ്ങളും തുർക്കിയ കമ്പനിയായ ലിമാക്കും തമ്മിൽ കരാറുകളിൽ ഒപ്പുവെച്ചു.
ഒപ്പുവെക്കൽ ചടങ്ങിൽ പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ്, ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ്, പ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സാലിം അസ്സബാഹ്, പൊതുമരാമത്ത് മന്ത്രി ഡോ.നൂറ അൽ മഷാൻ, അമീരി ദിവാൻ അണ്ടർസെക്രട്ടറി ശൈഖ് അബ്ദുൽ അസീസ് അൽ മിശ്അൽ അസ്സബാഹ് എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ് കരാർ ഒപ്പുവെക്കൽ ചടങ്ങിൽ
രാജ്യത്തെ ഏറ്റവും തന്ത്രപരവും സുപ്രധാനവുമായ പദ്ധതികളിൽ ഒന്നായാണ് പുതിയ വിമാനത്താവളത്തെ കണക്കാക്കുന്നത്. അവസാന ഘട്ട നിർമാണ കരാറായതോടെ പദ്ധതി വേഗത്തിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ശേഷി വർധിപ്പിക്കൽ, യാത്രാനുഭവവും യാത്രാ സേവനങ്ങളും മെച്ചപ്പെടുത്തൽ, വ്യാപാരം, ടൂറിസം, നിക്ഷേപം എന്നിവയെ പിന്തുണക്കൽ, കാർഗോ, ലോജിസ്റ്റിക്സ് ശേഷികൾ ശക്തിപ്പെടുത്തൽ എന്നിവക്കും പാസഞ്ചർ ടെർമിനൽ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
രാജ്യത്തിന്റെ സിവിൽ ഏവിയേഷൻ മേഖലയിലെ കുതിപ്പിനും പുതിയ സംരംഭം ഇടയാക്കും. കൂടാതെ വ്യോമഗതാഗതത്തിനും ലോജിസ്റ്റിക് കണക്റ്റിവിറ്റിക്കും ഒരു പ്രാദേശിക കേന്ദ്രമെന്ന നിലയിൽ കുവൈത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യും. സാമ്പത്തിക വൈവിധ്യവൽക്കരണ പദ്ധതികളെ പിന്തുണക്കാനും, നിക്ഷേപങ്ങൾ ആകർഷിക്കാനും, തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.