ഗസ്സയിൽ വിതരണത്തിനായി പാൽപ്പൊടി അടുക്കിവെക്കുന്ന നമാ ചാരിറ്റി പ്രവർത്തകൻ
കുവൈത്ത് സിറ്റി: ഗസ്സയിലെ ജനങ്ങൾക്കായി സമഗ്ര മാനുഷിക സഹായ പദ്ധതിയുമായി കുവൈത്തിലെ നമാ ചാരിറ്റി അസോസിയേഷൻ. വസ്ത്രങ്ങൾ, കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള പാൽ, കുടിവെള്ളം എന്നിവ ഉൾപ്പെടെയുള്ള അടിയന്തര ദുരിതാശ്വാസ സഹായം നമാ ചാരിറ്റി നടപ്പാക്കി. ദുരിതഘട്ടത്തിൽ ഗസ്സയിലെ ജനങ്ങൾക്കൊപ്പം നിൽക്കാനുള്ള ധാർമിക ബാധ്യതയുടെ ഭാഗമായാണ് ഈ പദ്ധതികളെന്ന് നമാ ചാരിറ്റി അസോസിയേഷൻ ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുൽ അസീസ് അൽ കന്ദരി പറഞ്ഞു.
യുദ്ധം ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട കുടുംബങ്ങളെ, പ്രത്യേകിച്ച് കുട്ടികൾക്ക് ആശ്വാസമായാണ് വസ്ത്ര വിതരണം പദ്ധതി നടപ്പാക്കിയത്. കുടുംബങ്ങളുടെ ദൈനംദിന ജീവിതഭാരങ്ങൾ ലഘൂകരിക്കുന്നതിനും കടുത്ത തണുപ്പിൽ നിന്ന് അവരെ സംരക്ഷിക്കുന്നതിനും വസ്ത്രങ്ങൾ ശ്രദ്ധാപൂർവമാണ് തെരഞ്ഞെടുത്തത്.
ദുർബല വിഭാഗമായ ശിശുക്കളെയും കൊച്ചുകുട്ടികളെയും പിന്തുണക്കുന്നതിനും ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായാണ് കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള പാലും മറ്റും വിഭവങ്ങളും നൽകിയത്. ഗസ്സയിലെ അടിസ്ഥാന സൗകര്യങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾ സൃഷ്ടിച്ച ജലക്ഷാമത്തിന്റെ പശ്ചാത്തലത്തിലാണ് കുടിവെള്ള വിതരണ പദ്ധതി. പൊതുജനാരോഗ്യം നിലനിർത്തുന്നതിനും രോഗങ്ങൾ തടയുന്നതിനും ശുദ്ധമായ വെള്ളം അനിവാര്യമാണെന്നും അബ്ദുൽ അസീസ് അൽ കന്ദരി സൂചിപ്പിച്ചു.
ഗസ്സയിലെ ദരിദ്രരായ നിരവധി കുടുംബങ്ങൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചതായും അദ്ദേഹം വിശദീകരിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുമെന്നും അറിയിച്ചു. സംരംഭങ്ങൾക്ക് ഉദാരമായ പിന്തുണ നൽകിയതിന് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് എന്നിവരോട് അദ്ദേഹം അഗാധമായ നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.