കുവൈത്ത് സിറ്റി: ശൈത്യകാലത്തിന്റെ വരവറിയിച്ച് കുവൈത്തിൽ മഴ. ശനിയാഴ്ച വൈകീട്ടോടെ രാജ്യത്ത് മിക്കയിടങ്ങളിലും നേരിയ രൂപത്തിൽ മഴ എത്തി. മഴ താപനിലയിലും വലിയ ഇടിവുണ്ടാക്കി. ശനിയാഴ്ച രാവിലെ മുതൽ ആകാശം മേഘാവൃതമായിരുന്നു. ഞായറാഴ്ചയും തിങ്കളാഴ്ച ഉച്ചവരെയും മഴക്ക് സാധ്യതയുണ്ട്. തുടർന്ന് മേഘങ്ങൾ ക്രമേണ കുറയുമെന്ന് കാലാവസഥ കേന്ദ്രം ആക്ടിങ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു.
തെക്കുകിഴക്കൻ കാറ്റിൽ നിന്നുള്ള ചാഞ്ചാട്ടവും, പ്രത്യേകിച്ച് കടൽത്തീര പ്രദേശങ്ങളിൽ ഈർപ്പം വർധിക്കുന്നതും രാജ്യത്തെ ബാധിച്ചിട്ടുണ്ട്. പ്രഭാതങ്ങളിൽ മൂടൽമഞ്ഞും തുടരും. കടൽത്തീര പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനും, ചിലയിടങ്ങളിൽ ദൃശ്യപരത 1,000 മീറ്ററിൽ താഴെയാകാനും സാധ്യതയുണ്ട്. തീരപ്രദേശങ്ങളിൽ ഈർപ്പം ഗണ്യമായി ഉയരും. സ്വദേശികളും പ്രവാസികളും കാലാവസ്ഥ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
കാലാവസ്ഥ പ്രതികൂലമായാൽ വിമാന സർവിസ് മാറാം
കുവൈത്ത് സിറ്റി: കാലാവസ്ഥ പ്രതികൂലമായാൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള ചില വിമാനങ്ങളുടെ ഷെഡ്യൂൾ താൽക്കാലികമായി പുനഃക്രമീകരിക്കുമെന്ന് കുവൈത്ത് എയർവേസ് അറിയിച്ചു.
ഇത്തരം സാഹചര്യത്തിൽ യാത്രക്കാരെ ഫോൺ, ഇ-മെയിലുകൾ വഴി അപ്ഡേറ്റുകൾ അറിയിക്കും. യാത്രക്കാർ അടിയന്തര സാഹചര്യങ്ങൾ മനസ്സിലാക്കണമെന്നും കുവൈത്തിൽനിന്ന് 0096524345555 - 0096522200171 - 171 എന്ന ഫോൺ നമ്പറുകളിലോ www.kuwaitairways.com വെബ്സൈറ്റിലോ ബന്ധപ്പെടണമെന്നും എയർലൈൻ അറിയിച്ചു.
രാജ്യത്ത് ദിവസങ്ങളായി തുടരുന്ന കനത്തമഞ്ഞ് ഞായർ,വ്യാഴം,വെള്ളി ദിവസങ്ങളിൽ രാവിലെയുള്ള വിമാന സർവിസുകളെ ബാധിച്ചിരുന്നു. കുവൈത്തിലേക്കുള്ള പല വിമാനങ്ങളും അയൽ രാജ്യങ്ങളിലേക്ക് വഴിതിരിച്ചുവിടുകയും കുവൈത്തിൽ നിന്നുള്ളവ പുറപ്പെടാൻ വൈകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കുവൈത്ത് എയർവേസ് മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.