പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം

സ്ഥിതിഗതികൾ വിലയിരുത്തി മന്ത്രിസഭ; രാജ്യസ്ഥിരത തകർക്കുന്നവരോട് വിട്ടുവീഴ്ച്ചയില്ല

കുവൈത്ത് സിറ്റി: രാജ്യത്തിന്റെ സുരക്ഷ ഒരു ‘ചുവപ്പ് രേഖ’യാണെന്ന് കുവൈത്ത് മന്ത്രിസഭ. ദേശീയ സ്ഥിരതയെ തകർക്കുന്നതിനോ തീവ്രവാദ സംഘടനകളുമായി സഹകരിക്കുന്നതിനോ ഉള്ള ശ്രമങ്ങളോട് വിട്ടുവീഴ്ച ഇല്ലെന്നും മന്ത്രിസഭ വ്യക്തമാക്കി. പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മേഖലയിലെയും രാജ്യത്തെയും പുതിയ സുരക്ഷാ, രാഷ്ട്രീയ, മാനുഷിക സംഭവവികാസങ്ങൾ ചർച്ച ചെയ്തു.

അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, കുവൈത്തിലെ ജനങ്ങൾ എന്നിവർക്ക് മന്ത്രിസഭ പെരുന്നാൾ ആശംസകൾ നേർന്നു.

സമീപകാല ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കുവൈത്തിനോടുള്ള അന്താരാഷ്ട്ര ഐക്യദാർഢ്യത്തെക്കുറിച്ച് മന്ത്രിസഭ വിശദീകരിച്ചു. ഹിസ്ബുള്ളയുമായി ബന്ധമുള്ള സംഘത്തിന്റെ അറസ്റ്റ് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ് മന്ത്രിസഭയെ അറിയിച്ചു.

പ്രാദേശിക സംഘർഷങ്ങൾക്കിടയിൽ സായുധ സേനകളിലെ നടപടികൾ പ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സാലിം അസ്സബാഹ് വിശദീകരിച്ചു. ജി.സി.സി സംയുക്ത മന്ത്രിതല യോഗങ്ങളിലെ പങ്കാളിത്തം, അന്താരാഷ്ട്ര ഏകോപനം എന്നിവയുൾപ്പെടെയുള്ള നയതന്ത്ര ശ്രമങ്ങളെക്കുറിച്ച് വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ് വിശദീകരിച്ചു.

ആക്രമണ വസ്തുക്കളുടെ കഷ്ണങ്ങൾ വീണു പരിക്കേറ്റ രണ്ടുപേരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി അഹമ്മദ് അൽ അവാദി അറിയിച്ചു. യു.എ.ഇയിലെ ആക്രമണങ്ങളും, ഇറാഖിലെ കുർദിസ്താൻ മേഖലയിലെ കോൺസുലേറ്റിന് നേരെയുള്ള ആക്രമണവും ഒമാനിലെ തുറമുഖത്തിന് കേടുപാടുകൾ സംഭവിച്ചതും ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ മന്ത്രിസഭ അപലപിച്ചു. സംഘർഷം രൂക്ഷമാകുന്നത് നിയന്ത്രിക്കാനും പ്രാദേശിക സ്ഥിരത നിലനിർത്താനും ആവശ്യപ്പെട്ടു.

കടബാധ്യതയുള്ള പൗരന്മാരെ പിന്തുണക്കുന്നതിനായി നീതിന്യായ മന്ത്രാലയം ആരംഭിച്ച സംഭാവന കാമ്പയിനും മന്ത്രിസഭ അവലോകനം ചെയ്തു. ശക്തമായ പൊതുജന പങ്കാളിത്തത്തെ മന്ത്രിസഭ പ്രശംസിച്ചു.

കുവൈത്ത് അഴിമതി വിരുദ്ധ അതോറിറ്റിക്കായി പുതിയ ബോർഡ് നിയമിക്കുന്നതിനുള്ള കരട് ഉത്തരവിന് മന്ത്രിസഭ അംഗീകാരം നൽകി. രാജ്യത്തെ പ്രത്യേക സാഹചര്യങ്ങളിൽ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ, ക്ഷേമം എന്നിവ ഉറപ്പാക്കുന്നതിനും വികസനങ്ങൾ നിരീക്ഷിക്കുന്നതിനും തുടർച്ചയായ യോഗം ചേരുമെന്ന് മന്ത്രിസഭ അറിയിച്ചു.

Tags:    
News Summary - Cabinet assesses situation; will not compromise with those who undermine national stability

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.