കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ സേവനങ്ങള്‍ കൈകാര്യം ചെയ്തിരുന്ന ഔട്ട്‌സോഴ്സ് സേവനദാതാവിൽ മാറ്റം. നിലവിലെ സേവനദാതാക്കളായ ബി.എൽ.എസ് ഇന്റർനാഷണൽ സർവിസസ് ലിമിറ്റഡിന്റെ കരാർ ഈ മാസം 30ന് അവസാനിക്കും. ജൂലൈ ഒന്ന് മുതൽ ‘ഡ്യൂഡിജിറ്റൽ ഗ്ലോബൽ ലിമിറ്റഡ്’ ആയിരിക്കും ഈ സേവനങ്ങൾ നൽകുക.
ജൂലൈ ഒന്ന് മുതൽ സമർപ്പിക്കുന്ന പാസ്‌പോർട്ട്, വിസ, കോൺസുലാർ സേവന അപേക്ഷകൾ ഡ്യൂഡിജിറ്റൽ ഗ്ലോബൽ ഇന്ത്യൻ കോൺസുലർ അപേക്ഷാ കേന്ദ്രങ്ങൾ വഴിയായിരിക്കും സ്വീകരിക്കുക. കുവൈത്ത് സിറ്റിയിലെ ബ്ലോക് 11 അൽ ജവഹറ ടവർ, ഫഹാഹീലിലെ സമാ മാൾ, ദജീജിലെ വഹ മാൾ, ജഹ്റയിലെ അൽ മനാർ മാൾ എന്നിവിടങ്ങളിലാണ് പുതിയ അപേക്ഷാ കേന്ദ്രങ്ങൾ പ്രവർത്തിക്കുക.
സേവനദാതാവിൽ മാറ്റം വരുന്നതിനാൽ ജൂലൈ ഒന്ന് മുതൽ അപേക്ഷകർ ആവശ്യമായ രേഖകളുമായി പുതിയ കേന്ദ്രങ്ങളെ സമീപിക്കണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. പുതിയ സംവിധാനത്തിലേക്കുള്ള മാറ്റത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ടെന്നും എംബസി വ്യക്തമാക്കി.
വിദേശരാജ്യങ്ങളിലെ ഇന്ത്യക്കാർക്കുള്ള വിസ, പാസ്‌പോർട്ട്, കോൺസുലാർ സേവനങ്ങൾ എന്നിവയുടെ ടെൻഡറുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് ബി.എൽ.എസ് ഇന്റർനാഷണൽ സർവിസസിനെ ഇന്ത്യ’ വിദേശകാര്യമന്ത്രാലയം കഴിഞ്ഞ ഒക്ടോബറിൽ രണ്ട് വർഷത്തേക്ക് വിലക്കിയിരുന്നു. തുടർന്നാണ് പുതിയ സേവനദാതാക്കളെ തെരഞ്ഞെടുത്തത്. അപേക്ഷകരിൽ നിന്നുള്ള പരാതികൾ, കോടതി കേസുകൾ എന്നിവയുൾപ്പെടെയുള്ള ആരോപണങ്ങളാണ് വിലക്കിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.