കുവൈത്ത് സിറ്റി: സ്വകാര്യ പാർപ്പിട മേഖലയിൽ താമസിക്കുന്ന ബാച്ചിലർ താമസക്കാർ ഇവിടംവിട്ടുപോവണമെന്ന് മുനിസിപ്പൽ അധികൃതർ ആവശ്യപ്പെട്ടു. സ്വദേശികളുടെ റെസിഡൻഷ്യൽ ഏരിയയിൽ വിദേശികൾ താമസിക്കുന്നത് മുനിസിപ്പൽ ചട്ടപ്രകാരം നിയമലംഘനമാണ്. ഇത് വിവിധ സാമൂഹിക-സുരക്ഷാ പ്രശ്നങ്ങൾക്ക് കാരണമാവുന്നുവെന്നും അധികൃതർ വ്യക്തമാക്കി. ആറു ഗവർണറേറ്റുകളിലെയും സ്വകാര്യപാർപ്പിട മേഖലയിൽ താമസിക്കുന്ന വിദേശി കുടുംബേതര താമസക്കാരെ കണ്ടെത്താൻ കുവൈത്ത് മുനിസിപ്പാലിറ്റി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ഇൗ സംഘം കഴിഞ്ഞദിവസം ഹവല്ലി ഗവർണറേറ്റിലെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി. സൽവ, റുമൈതിയ ഭാഗങ്ങളിൽ പരിശോധന നടത്തിയ സംഘം ഇവിടത്തെ ബാച്ചിലർമാർക്ക് ഒഴിഞ്ഞുപോവാൻ നോട്ടീസ് നൽകി. സ്വകാര്യ പാർപ്പിടമേഖലയിൽ വിദേശികൾക്ക് താമസം അനുവദിക്കുന്നതായി നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് മുൻസിപ്പാലിറ്റി ഡയറക്ടർ പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചത്.നിയമം ലംഘിക്കുന്ന ബാച്ചിലർമാർക്കെന്നപോലെ അവർക്ക് താമസസൗകര്യം നൽകുന്ന കെട്ടിട ഉടമകൾക്കെതിരെയും നടപടിയുണ്ടാകും. കഴിഞ്ഞ ആഴ്ച അഹ്മദി ഗവർണറേറ്റിൽ ബാച്ചിലർമാർ താമസിച്ചുവന്ന 112 വീടുകളുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. സ്വദേശികൾക്ക് സർക്കാർ ഭവന പദ്ധതിയിലൂടെ ലഭിച്ച വീടുകൾ വിദേശി കുടുംബേതര താമസക്കാർക്ക് വാടകക്ക് നൽകി വന്നതാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.