കുവൈത്തിൽ താമസനിയമത്തിൽ പരിഷ്കരണം

കുവൈത്ത് സിറ്റി: പ്രവാസികളുടെ പ്രവേശന അനുമതികൾ, കുടുംബ, വാണിജ്യ സന്ദർശന വിസകൾ, സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കും വീട്ടുജോലിക്കാർക്കുമുള്ള താമസ അനുമതികൾ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങൾ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പരിഷ്കരിച്ചു. പുതിയ നിയമം ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. നിയമ ലംഘനങ്ങൾക്ക് കർശന ശിക്ഷകളും പിഴകളും ലഭിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിയമങ്ങൾ പാലിക്കണമെന്ന് പൗരന്മാരോടും താമസക്കാരോടും അഭ്യർഥിച്ചു.

എൻട്രി വിസകൾക്ക് 10 ദീനാർ

എല്ലാത്തരം എൻട്രി വിസകൾക്കും വിസിറ്റ് വിസകൾക്കും ഇനിമുതൽ പ്രതിമാസം 10 കുവൈത്ത് ദീനാർ ഫീസ് ചുമത്തും. കുടുംബ, വാണിജ്യ സന്ദർശന വിസകൾ അടക്കം എല്ലാ വിഭാഗം വിസകൾക്കും ഈ നിരക്ക് ബാധകമാണ്. നേരത്തെ ഇത് മൂന്ന് ദീനാറായിരുന്നു.

ഗാർഹിക തൊഴിലാളികൾ

ഗാർഹിക തൊഴിലാളികൾക്ക് ഇനി പരമാവധി നാലു മാസം മാത്രമേ കുവൈത്തിന് പുറത്ത് നിൽക്കാൻ അനുവാദമുള്ളൂ. നാല് മാസത്തിൽ കൂടുതൽ പുറത്തുനിൽക്കുകയും സ്പോൺസറുടെ പ്രത്യേക അനുമതി വാങ്ങാതിരിക്കുകയും ചെയ്താൽ അവരുടെ റെസിഡൻസി റദ്ദാക്കപ്പെടും. നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് രാജ്യം വിട്ടവർക്ക് ഈ കാലാവധി ബാധകമല്ല.

പുതിയ വിസക്ക് അപേക്ഷിക്കുന്ന ഗാർഹിക തൊഴിലാളികളുടെ പ്രായം 21നും 60നും ഇടയിൽ ആയിരിക്കണം.

കുഞ്ഞുങ്ങളുടെ രജിസ്ട്രേഷൻ

കുവൈത്തിൽ ജനിക്കുന്ന പ്രവാസി കുട്ടികളുടെ ജനന രജിസ്ട്രേഷൻ നാല് മാസത്തിനകം പൂർത്തിയാക്കണം. ഈ സമയം കഴിഞ്ഞാൽ ആദ്യത്തെ ഒരു മാസം ദിവസം രണ്ട് ദിനാർ വീതം പിഴ നൽകണം. അതിനുശേഷവും വൈകുകയാണെങ്കിൽ പ്രതിദിനം നാല് ദീനാർ എന്ന നിരക്കിൽ പിഴ ഈടാക്കും.

വിദേശ നിക്ഷേപകർ

വിദേശ നിക്ഷേപകർക്ക് കുവൈത്തിൽ 15 വർഷം വരെ കാലാവധിയുള്ള താമസാനുമതി ലഭിക്കും. കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് പ്രമോഷൻ അതോറിറ്റിയുടെ കത്തും മന്ത്രിസഭ നിശ്ചയിച്ചിട്ടുള്ള പ്രത്യേക മാനദണ്ഡങ്ങളും പാലിക്കുന്നവർക്കാണ് ഇത്തരം വിസ അനുവദിക്കുക.

Tags:    
News Summary - Attention expatriates; Reforms in Kuwait's residency law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.