കുവൈത്ത് സിറ്റി: കേരളത്തിൽ മഴക്കെടുതി ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി ആരംഭിച്ച 'സ്റ്റാൻഡ് വിത്ത് കേരള' പദ്ധതി വിജയത്തിലേക്ക്.പദ്ധതിയുടെ ആദ്യഘട്ട സഹായം ഈ മാസം അവസാനത്തോടെ ചെയ്യാൻ കഴിഞ്ഞ ദിവസം ചേർന്ന കമ്യൂണിറ്റി നേതാക്കളുടെ യോഗം തീരുമാനിച്ചു.പ്രവാസി സംഘടനകളുടെ സഹായത്തോടെ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ മഴക്കെടുതി ബാധിതരെ സഹായിക്കാൻ ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിൽ ആരംഭിച്ച പദ്ധതിയാണ് 'വി സ്റ്റാൻഡ് വിത്ത് കേരള'.മഴക്കെടുതി ഏറ്റവും കൂടുതൽ ബാധിച്ച 400 പേർക്ക് അടിയന്തര സഹായമായി 2500 രൂപ വീതം നൽകാനും ഇതിനായി പ്രവാസിസംഘടനകളുടെ പങ്കാളിത്തത്തോടെ പത്തുലക്ഷം രൂപ സ്വരൂപിക്കാനും ആയിരുന്നു ആദ്യ തീരുമാനം.എന്നാൽ, ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ കൂട്ടായ്മകൾ ഒന്നിച്ചതോടെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് 25 ലക്ഷം രൂപയിലേറെ പദ്ധതിയിലേക്ക് എത്തി.ഇതോടെ കഴിഞ്ഞ ദിവസം ചേർന്ന ഓൺലൈൻ യോഗത്തിൽ അടിയന്തര സഹായം ഒരാൾക്ക് 5000 എന്ന തോതിൽ ഉയർത്താൻ തീരുമാനിച്ചിരിക്കുകയാണ്.
ഈ മാസം അവസാനത്തോടെ പണം അർഹതപ്പെട്ടവർക്ക് കൈമാറുമെന്ന് പദ്ധതി കൺവീനർ ഡോ. അമീർ അഹമ്മദ് അറിയിച്ചു.അർഹരായ ഗുണഭോകതാക്കളെ കണ്ടെത്താനും സഹായവിതരണം ഏകോപിപ്പിക്കുന്നതിനും മറ്റുമായി നാല് ഉപസമിതികളെ തെരഞ്ഞെടുത്തു.ദുരന്തത്തിൽ കുടുംബനാഥൻ, വീട്, ഭൂമി എന്നിവ നഷ്ടപ്പെട്ടവർ, രോഗികൾ, വിധവകൾ, വയോജനങ്ങൾ എന്നിവർക്ക് മുൻഗണന നൽകി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.