കുവൈത്ത്: കുവൈത്ത് സർവകലാശാലയിൽനിന്നുള്ള ഗവേഷക സംഘം ഗ്രീസിലെ അഥോസ് പർവതനിരകളിൽനിന്ന് അറബിഭാഷയിലുള്ള അപൂർവ കൈയെഴുത്ത് പ്രതികൾ കണ്ടെടുത്തു. പുരാതന പവിത്ര പ്രദേശമായി കണക്കാക്കുന്ന അഥോസിൽനിന്ന് കണ്ടെടുത്ത രേഖകൾ അവിടെ ജീവിച്ചിരുന്ന അറബികളുടെയും മുസ്ലിംകളുടെയും ചരിത്രം മനസ്സിലാക്കുന്നതിൽ നിർണായകമാകും. ദൈനംദിന സംഭവങ്ങൾ, ശാസ്ത്രീയ നിരീക്ഷണങ്ങൾ, മതകാര്യങ്ങൾ തുടങ്ങിയവ പരാമർശിക്കുന്നവയാണ് ഇവ.
ഇത്തരത്തിലുള്ള കൈയെഴുത്ത് പ്രതികൾ ഇതിനുമുമ്പ് കണ്ടെത്തിയിട്ടില്ലെന്ന് ഗവേഷകസംഘത്തിലെ ഡോ. അബ്ദുൽ ഹാദി അൽ അജ്മി പറഞ്ഞു. പുരാതന കാലത്ത് അറബികളും മുസ്ലിംകളും ഗ്രീസിന് എന്താണ് സംഭാവന ചെയ്തതെന്ന് പഠിക്കാൻ താൽപര്യമുള്ളവർക്ക് പ്രധാനപ്പെട്ട രേഖകളാണ് ഇവയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡോ. അബ്ദുൽ ഹാദി അൽ അജ്മിക്ക് പുറമെ സർവകലാശാല പ്രഫസർമാരായ ഡോ. മുഹമ്മദ് അൽ മർസൂഖി, ഡോ. ഹസൻ ബദാവി എന്നിവരുൾപ്പെട്ടതാണ് സംഘം. വടക്കൻ ഗ്രീസിലെ മഠങ്ങളും ലൈബ്രറികളും കേന്ദ്രീകരിച്ച് ഇവർ നടത്തുന്ന പുരാവസ്തു ഗവേഷണദൗത്യത്തിനിടയിലാണ് അപ്രതീക്ഷിതമായ കണ്ടെത്തൽ.
പ്രദേശം പഠനവിധേയമാക്കുന്നതിന് ഗ്രീക്ക് അധികൃതരിൽനിന്ന് അനുമതി നേടുക എന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ലെന്ന് സംഘം പറഞ്ഞു. എന്നാൽ, അനുമതി നേടുന്നതിൽ വിജയിച്ച തങ്ങൾക്ക് അതിനുള്ള നേട്ടം വളരെ വലുതായിരുന്നു. കൈയെഴുത്ത് പ്രതികളിലെ ഉള്ളടക്കം സംബന്ധിച്ച് വിശദമായ പഠനം വരും ദിവസങ്ങളിൽ നടത്തുമെന്നും സംഘം അറിയിച്ചു.
ക്രിസ്തുമത ചരിത്രത്തിൽ 1800 വർഷങ്ങളുടെ പാരമ്പര്യമുള്ള പർവതനിരയാണ് അഥോസ്. 1988ൽ യുനെസ്കോ ഇൗ പ്രദേശത്തെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുകയും
ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.