ശസ്ത്രക്രിയയിൽ പങ്കെടുത്ത ഡോക്ടർമാർ
കുവൈത്ത് സിറ്റി: കുവൈത്തിൽ വീണ്ടും അതിസങ്കീർണമായ ശസ്ത്രക്രിയയുടെ വിജയകരമായ പൂർത്തിയാക്കൽ. സൈൻ സെന്ററിലെ മെഡിക്കൽ സംഘം ഡ്യുവൽ ഹൈപ്പോഗ്ലോസൽ നാഡി സ്റ്റിമുലേറ്ററുകൾ സ്ഥാപിക്കുന്നതിനുള്ള നാല് നൂതന ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 50നും 80നും ഇടയിൽ പ്രായമുള്ള നാല് കുവൈത്ത് പൗരന്മാരിലാണ് ശസ്ത്രക്രിയ നടത്തിയത്. ഡോ. മുത്ലാഖ് അൽ സൈഹാന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവ പൂർത്തിയാക്കിയത്.
മിഡിൽ ഈസ്റ്റിലെ സർക്കാർ ആശുപത്രികളിൽ ആദ്യമായാണ് ഇത്തരത്തിലുള്ള ശസ്ത്രക്രിയ. വൈദ്യശാസ്ത്രപുരോഗതിയിലെ സുപ്രധാന നാഴികക്കല്ലാണ് ഇതെന്ന് ആരോഗ്യമന്ത്രാലയം സൂചിപ്പിച്ചു.
ഉറക്കത്തിൽ ആവർത്തിച്ചുള്ള ശ്വാസതടസ്സങ്ങൾക്ക് കാരണമാകുന്ന ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ എന്ന രോഗത്തെ ചികിത്സിക്കുന്നതിനാണ് നൂതന സാങ്കേതികവിദ്യ രൂപകൽപന ചെയ്തിരിക്കുന്നത്. ചികിത്സിച്ചില്ലെങ്കിൽ ഹൃദയസംബന്ധമായ അസുഖങ്ങൾ, ഓർമക്കുറവ് അല്ലെങ്കിൽ ഉപാപചയ വൈകല്യങ്ങൾ പോലുള്ള ഗുരുതരമായ സങ്കീർണതകൾക്ക് കാരണമാകുന്ന അസുഖമാണിത്.
ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട നൂതന മെഡിക്കൽ പരിഹാരങ്ങൾ അവതരിപ്പിക്കുന്നതിനും ഉയർന്ന നിലവാരമുള്ള ആരോഗ്യ സംരക്ഷണലഭ്യത ഉറപ്പാക്കുന്നതിനും പ്രത്യേക ചികിത്സാശേഷികളിൽ കുവൈത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുമുള്ള ആരോഗ്യമന്ത്രാലയത്തിന്റെ ശക്തമായ പ്രതിബദ്ധതയാണ് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.