കുവൈത്ത് സിറ്റി: ആഗോള നിക്ഷേപ മേഖലയിലെ പ്രമുഖ കൂട്ടായ്മയായ ഫ്യൂച്ചർ ഇൻവെസ്റ്റുമെൻറ് ഇനിഷ്യേറ്റീവിന്റെ 10-ാം പതിപ്പിൽ കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് പങ്കെടുക്കും. ‘പൈതൃകത്തിെൻറ കരുത്ത്’ എന്ന പ്രമേയത്തിൽ ഒക്ടോബർ 26 മുതൽ 29 വരെ സൗദിയിലെ റിയാദിൽ നടക്കുന്ന ഉച്ചകോടിക്ക് അമീറിനെ ഔദ്യോഗികമായി ക്ഷണിക്കാൻ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ പ്രതിനിധിയായി കുവൈത്തിലെ സൗദി അംബാസഡർ പ്രിൻസ് സുൽത്താൻ ബിൻ സഅദ് ആലു സഊദ് ബയാൻ പാലസിലെത്തി.
അമീരി ദിവാൻ മന്ത്രി ശൈഖ് ഹമദ് ജാബിർ അൽ അലി അസ്സബാഹ്, അമീറിന്റെ ഓഫിസ് ഡയറക്ടർ ജമാൽ അൽ തിയാബ്, അമീരി ദിവാൻ അണ്ടർ സെക്രട്ടറി ശൈഖ് അബ്ദുൽ അസീസ് മിശ്അൽ അസ്സബാഹ് തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. നിക്ഷേപം, വളർച്ച, ആഗോള സഹകരണം എന്നിവയുടെ അടുത്ത ഘട്ടത്തെ രൂപപ്പെടുത്താൻ പോകുന്ന ശക്തികളെയും മാറ്റങ്ങളെയും മുൻകൂട്ടി കാണാൻ കഴിയുന്ന വഴിത്തിരിവാകും ഉച്ചകോടി എന്നാണ് എഫ്.ഐ.ഐ ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ അവകാശപ്പെടുന്നത്.
ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, സമൂലമായ സാങ്കേതിക മാറ്റങ്ങൾ, ഭൗമരാഷ്ട്രീയ വ്യതിയാനങ്ങൾ, മൂലധന വിപണികളുടെ വികാസം എന്നിവയിലൂടെ ലോകം സാക്ഷ്യം വഹിക്കുന്ന അതിവേഗ പരിവർത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ഉച്ചകോടി നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.