കുവൈത്ത് സിറ്റി: സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്കു നേരെ യമനിലെ ഹൂതി വിമതർ തുടരുന്ന ആക്രമണങ്ങളെ കുവൈത്ത് മന്ത്രിസഭ ശക്തമായി അപലപിച്ചു. സൗദിയുടെ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും നഗ്നമായ ലംഘനമാണ് ഇതെന്നു വിശേഷിപ്പിച്ച മന്ത്രിസഭ, സൗദിക്ക് പൂർണ്ണ പിന്തുണയും ആവർത്തിച്ചു. പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ, സൗദി അറേബ്യയുടെ സുരക്ഷ കുവൈത്തിന്റെ സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്ന് വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും പരമാധികാരവും സംരക്ഷിക്കുന്നതിനായി സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണ പ്രഖ്യാപിച്ചു.

റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം, അബഹ വിമാനത്താവളം എന്നിവക്കുനേരെ സമീപദിവസങ്ങളിലുണ്ടായ ആക്രമണങ്ങളെ മന്ത്രിസഭ അപലപിച്ചതായി ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യങ്ങൾക്കായുള്ള സഹമന്ത്രിയുമായ ഷരീദ അബ്ദുള്ള അൽ മൗഷെർജി പറഞ്ഞു. ആക്രമണങ്ങൾ സൗദി പൗരന്മാരും മറ്റ് രാജ്യക്കാരുമായ യാത്രക്കാരും വിമാനത്താവള ജീവനക്കാരും ഉൾപ്പെടെയുള്ള സാധാരണക്കാരുടെ ജീവഹാനിക്കും പരിക്കേൽക്കുന്നതിനും ഇടയാക്കി. വിമാനത്താവള സൗകര്യങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചു.

ആക്രമണങ്ങളെ അപകടകരമായ സ്ഥിതിഗതി വഷളാവലായും സാധാരണക്കാരുടെ ജീവനും വ്യോമയാന സുരക്ഷക്കും നേരിട്ടുള്ള ഭീഷണിയായും വിശേഷിപ്പിച്ച മന്ത്രിസഭ, ആക്രമണങ്ങൾ തടയുന്നതിനും ഉത്തരവാദികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനും ശക്തമായ അന്താരാഷ്ട്ര നടപടി ആവശ്യപ്പെട്ടു.

സൗദി അറേബ്യയിലെ നേതൃത്വം സർക്കാർ ജനങ്ങൾ അപകടത്തിൽപ്പെട്ട മറ്റു രാജ്യങ്ങളിലെ സർക്കാറുകൾ ഇരകളുടെ കുടുംബങ്ങൾ എന്നിവരെ മന്ത്രിസഭ അനുശോചനം അറിയിച്ചു. പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു

Tags:    
News Summary - Cabinet condemns airport attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.