കുവൈത്ത് സിറ്റി:ദേശീയ അസംബ്ലിയുമായുള്ള തർക്കങ്ങളുടെ ഫലമായി രാജ്യത്ത് മറ്റൊരു സർക്കാറിന് കൂടി പരിസമാപ്തി. സർക്കാർ രൂപവത്കരിച്ച് മൂന്ന് മാസത്തിനുള്ളിൽ പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന് കീഴിലുള്ള സർക്കാർ പിരിച്ചുവിടുമെന്ന് ഉറപ്പായി. തിങ്കളാഴ്ച സർക്കാറിന്റെ രാജി പ്രധാനമന്ത്രി കിരീടാവകാശിക്ക് സമർപ്പിച്ചിരുന്നു. രാജി സ്വീകരിക്കാൻ കഴിഞ്ഞ ദിവസം അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ മന്ത്രിസഭ രൂപവത്കരിക്കുന്നത് വരെ ദൈനംദിന അടിയന്തര കാര്യങ്ങൾ നടത്തുന്നതിന് കാവൽ സർക്കാറായി നിലവിലുള്ള സർക്കാർ പ്രവർത്തിക്കണമെന്ന് അമർ ഉത്തരവിൽ ആവശ്യപ്പെട്ടു.
പൊതു ഫണ്ടുകൾക്ക് വളരെ ചെലവേറിയതായി സർക്കാർ കാണുന്ന ജനകീയ കരട് നിയമനിർമാണം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട എം.പിമാരുമായുള്ള തർക്കത്തെ തുടർന്നാണ് സർക്കാറും എം.പിമാരും തമ്മിലുള്ള ബന്ധം വഷളായത്. അര ദശലക്ഷത്തിലധികം കുവൈത്ത് പൗരന്മാർ പ്രാദേശിക ബാങ്കുകൾക്ക് നൽകേണ്ട കോടിക്കണക്കിന് ദിനാർ ബാങ്ക് വായ്പകൾ സർക്കാർ വാങ്ങണമെന്ന് നിയമനിർമാണങ്ങളിലൊന്ന് ആവശ്യപ്പെടുന്നു. വ്യക്തിഗത, ഉപഭോക്തൃ, ഭവന വായ്പകളുടെ 14 ബില്യൺ ദിനാറിൽ കൂടുതൽ ഇടപാടുകൾ നടത്തുന്നതിനാൽ കരട് നിയമം വളരെ ചെലവേറിയതാണെന്നാണ് സർക്കാർ നിലപാട്.
ഇതിനിടെ, ജനുവരി 10ന് ദേശീയ അസംബ്ലിയിലെ സമ്മേളനത്തിൽനിന്ന് രണ്ട് മന്ത്രിമാർ ഇറങ്ങിപ്പോയി. ധനമന്ത്രി അബ്ദുൽ വഹാബ് അൽ റാഷിദ്, കാബിനറ്റ് കാര്യ മന്ത്രി ബറാക്ക് അൽ ഷിത്താൻ എന്നിവർക്കെതിരെ ദേശീയ അസംബ്ലിയിൽ കുറ്റവിചാരണ പ്രമേയം അവതരിപ്പിക്കുമെന്ന് എം.പിമാർ അറിയിക്കുകയുമുണ്ടായി. ഇതിന് പിറകെയാണ് പ്രധാനമന്ത്രി രാജിവെക്കാനുള്ള നിലപാട് സ്വീകരിച്ചത്.
പുതിയ സർക്കാർ രൂപവത്കരണത്തിനായി കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് വൈകാതെ കൂടിയാലോചനകൾ ആരംഭിക്കും. സ്പീക്കർ അഹമ്മദ് അൽ സദൂൻ മുൻ സ്പീക്കർമാർ, മുൻ പ്രധാനമന്ത്രിമാർ എന്നിവരുമായി കൂടിയാലോചനകൾ നടത്തും. തുടർന്ന് പ്രധാനമന്ത്രിയെ നിശ്ചയിക്കുകയും മന്ത്രിസഭ രൂപവത്കരിക്കാൻ ചുമതല നൽകുകയും ചെയ്യും. ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് തന്നെ വീണ്ടും പ്രധാനമന്ത്രി ആയേക്കാം. അല്ലെങ്കിൽ പകരക്കാരൻ വരും.
രണ്ട് പതിറ്റാണ്ടിലേറെയായി ദേശീയ അസംബ്ലിയും വിവിധ സർക്കാറുകളും തമ്മിലുള്ള തുടർച്ചയായ പ്രതിസന്ധികളാൽ കുവൈത്ത് രാഷ്ട്രീയ അസ്ഥിരത നേരിടുന്നുണ്ട്. പലതവണ അസംബ്ലി ആവർത്തിച്ച് പിരിച്ചുവിടുകയും നിരവധി മന്ത്രിസഭകൾ രൂപവത്കരിക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞ സെപ്റ്റംബറിലെ ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിനെത്തുടർന്ന് എം.പിമാരും സർക്കാറും നല്ല ബന്ധത്തിലും സഹകരണത്തിലുമായിരുന്നു. അതിനിടെയാണ് പുതിയ സംഭവ വികാസങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.