കുവൈത്ത് സിറ്റി: വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ യാത്രക്കാർ അവരുടെ വ്യക്തിഗത കോൺടാക്റ്റ് വിവരങ്ങൾ കൃത്യമായി നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് കുവൈത്ത് സിവിൽ ഏവിയേഷൻ മുന്നറിയിപ്പ്.
ട്രാവൽ ഏജൻസികൾ വഴിയും എയർലൈനുകളിൽ നിന്ന് നേരിട്ടും റിസർവേഷൻ നടത്തിയാലും യാത്രക്കാർ സ്വന്തം ഫോൺ നമ്പറുകളും ഇ-മെയിൽ വിലാസങ്ങളും നൽകണമെന്ന് വ്യോമയാന സുരക്ഷ, വ്യോമ ഗതാഗതം, വ്യോമയാന സുരക്ഷാ ഡെപ്യൂട്ടി ഡയറക്ടർ ജനറലും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) ഔദ്യോഗിക വക്താവുമായ അബ്ദുല്ല അൽ രാജ്ഹി പറഞ്ഞു.
യാത്രക്കാരുടെ സ്വകാര്യവിവരങ്ങൾക്ക് പകരം സ്വന്തം കോൺടാക്റ്റ് വിവരങ്ങൾ ചേർക്കാൻ ട്രാവൽ ഏജൻസികൾക്കും എയർലൈനുകൾക്കും അനുവാദമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിമാനം വൈകിപ്പിക്കൽ, റദ്ദാക്കൽ, സുരക്ഷാ അറിയിപ്പുകൾ എന്നിവ യാത്രക്കാർക്ക് നേരിട്ട് എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ബുക്കിങ് സിസ്റ്റങ്ങളിൽ യാത്രക്കാരുടെ കോൺടാക്റ്റ് വിവരങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങൾ വിശദീകരിക്കുന്ന സിവിൽ ഏവിയേഷൻ അതോറിറ്റി 2025ലെ സർക്കുലർ നമ്പർ 31ന്റെ അടിസ്ഥാനത്തിലാണ് നിർദേശം. എയർലൈനുകളും ട്രാവൽ ഏജൻസികളും ഉൾപ്പെടെ എല്ലാവരും വ്യവസ്ഥകൾ പൂർണമായും പാലിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ബുക്കിങ് രേഖകളിൽ തങ്ങളുടെ കോൺടാക്റ്റ് വിവരങ്ങൾ തെറ്റായി നൽകിയതായി കണ്ടെത്തിയാൽ യാത്രക്കാർക്ക് സഹൽ പ്ലാറ്റ്ഫോം വഴി റിപ്പോർട്ട് ചെയ്യാമെന്ന് അൽ രാജ്ഹി പറഞ്ഞു. സഹൽ ആപ്പിൽ ‘സിവിൽ ഏവിയേഷൻ’ വിഭാഗത്തിൽ ‘ഇലക്ട്രോണിക് സേവനങ്ങൾ’ തിരഞ്ഞെടുത്ത് ‘എയർ ട്രാൻസ്പോർട്ട് മാർക്കറ്റ് പരാതികൾ’ വിഭാഗത്തിൽ പരാതി സമർപ്പിക്കാം.
പരാതി പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.