വലിയ ആഘോഷങ്ങളില്ലാതെ ‘ചെറിയ’ പെരുന്നാൾ

കുവൈത്ത് സിറ്റി: കുവൈത്തിലെ ഈദ് ഒരു ആഘോഷ അവധി ദിനം മാത്രമല്ല, കുടുംബ സന്ദർശനങ്ങൾ, ഉത്സവ വിനോദയാത്രകൾ, കലാ,നാടക പ്രകടനങ്ങളുടെ സജീവമായ അന്തരീക്ഷം എന്നിവയാൽ പാരമ്പര്യമായി അടയാളപ്പെടുത്തുന്ന ഊർജ്ജസ്വലമായ ദിനമാണ്.

എന്നാൽ ഇവ ഒന്നുമില്ലാത്ത പെരുന്നാളാണ് കടന്നുപോയത്. പെരുന്നാൾ ദിനങ്ങളിൽ നാടകങ്ങൾക്ക് പോകുന്നത് കുവൈത്തിലെ എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകർക്കും പ്രിയപ്പെട്ട ഒരു ആചാരമായിരുന്നു. രാജ്യത്തെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ തുടരുന്നതിനാൽ പെരുന്നാളിനോടനുബന്ധിച്ചുള്ള പാട്ടുൽസവങ്ങൾ, നാടകങ്ങൾ, മറ്റു ആൾക്കൂട്ട പരിപാടികൾ എന്നിവക്ക് ആഭ്യന്തര മന്ത്രാലയം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതും സംഘർഷ ഭീതിയും പെരുന്നാൾ അവധി ദിനങ്ങളിൽ താമസയിടങ്ങളിൽ നിന്ന് അതികം പുറത്തിറങ്ങാതെ കഴിച്ചുകൂട്ടാൻ ജനങ്ങളെ പ്രേരിപ്പിച്ചു.

പ്രേക്ഷകർ നിരാശരായെങ്കിലും, സുരക്ഷാ ആശങ്കകൾ നിലനിൽക്കുന്നതിനാൽ നാടക പ്രകടനങ്ങൾ നിർത്തിവെക്കാനുള്ള സർക്കാർ തീരുമാനത്തെ അഭിനേതാക്കൾ പിന്തുണച്ചു. സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ ഈ നീക്കം ആവശ്യവും പ്രതീക്ഷിച്ചതുമാണെന്ന് വിശേഷിപ്പിച്ചു.

ഈദ്ഗാഹ് ഇല്ലാത്ത പെരുന്നാൾ

സംഘർഷ പശ്ചാത്തലത്തിൽ രാജ്യത്ത് ഈദ്ഗാഹുകൾക്ക് ഇത്തവണ നിയ​ന്ത്രണം ഏർപ്പെടുത്തിയിരുന്നു. പള്ളികളിൽ മാത്രമായാണ് പെരുന്നാൾ നമസ്കാരം നടന്നത്. പെരുന്നാൾ ദിനത്തിൽ സജീവമാകുന്ന ഈദ്ഗാഹുകൾ കുവൈത്തിന്റെ വലിയ പ്രത്യേകതയായിരുന്നു. നമസ്കാരത്തിനായി ​ഗ്രൗണ്ടുകളിലും പാർക്കുളിലും ഒരുമിച്ചു കൂടുന്ന ആയിരങ്ങൾ പെരുന്നാളിന്റെ മഹത്തായ സന്ദേശവും ഒരുമയുടെ തെളിവുമായിരുന്നു. സ്ത്രീകളും കുട്ടികളും അടക്കം കുടുംബത്തോടെ പതിവായി ഈദ് ഗാഹിലെത്തുന്നവർ നിരവധിയാണ്. പായസവും മധുരവും കഴിച്ചും ആശംസകൾ കൈമാറിയും ബന്ധങ്ങൾ പുതുക്കിയുമാണ് ഈദ് ഗാഹിലെത്തുന്നവർ മടങ്ങാറ്. ഇത്തവണ ഇതെല്ലാം പള്ളികളിൽ മാത്രമായി ചുരുങ്ങി.

നാട്ടിൽ പോകാനാകാതെ പ്രവാസികൾ

സാൽമിയ മസ്ജിദ് അൽ വുഐബിൽ പെരുന്നാൾ നമസ്കാരത്തിനെത്തിയവർ

പെരുന്നാൾ കുടുംബത്തോടൊപ്പം ആഘോഷിക്കാൻ ഈദ് അവധിക്ക് നാട്ടിൽ പോകുന്ന പ്രവാസികൾ നിരവധിയാണ്. ചുരുങ്ങിയ ദിവസങ്ങളിലേക്ക് ലീവെടുത്തും വാർഷിക അവധിക്കും ഈ സമയം പ്രവാസികൾ തെരഞ്ഞെടുക്കാറുണ്ട്. സംഘർഷങ്ങളെ തുടർന്ന് കുവൈത്ത് വ്യോമപാത അടച്ചതോടെ വിമാന സർവിസുകൾ നിലക്കുകയും പ്രവാസികൾക്ക് നാട്ടിൽ പോകാൻ കഴിയാതെ വരികയും ചെയ്തു. കുവൈത്തിൽ സന്ദർശന വിസയിൽ എത്തിയവരും നാട്ടിൽ പോകാനാകാതെ കുടുങ്ങി.

സൗദി വഴി വിമാന സർവിസ് ആരംഭിച്ചിട്ടുണ്ടെങ്കിലും വലിയ നിരക്കും സമയ നഷ്ടവും ആണെന്നതിനാൽ മലയാളികളിൽ ഭൂരിപക്ഷത്തിനും ഇത് ഉപയോഗപ്പെടുന്നില്ല.

അതിനിടെ, ഇത്തവണ പെരുന്നാളിന് സ്വർണവിപണിയിലും തിരക്ക് കുറഞ്ഞതായി ഈ രംഗത്തീള്ളവർ ചൂണ്ടികാട്ടി. ഉയർന്ന ആഗോള വിലയും പ്രാദേശിക സംഘർഷങ്ങളും കാരണം സ്വർണം വാങ്ങാൻ കൂടുതൽ പേർ മടിക്കുന്നു. ഉപഭോക്തൃ തിരക്കിൽ വന്ന മാറ്റം വന്നതായും സാധാരണയായി ഈ സീസണിൽ, തിരക്ക് കാരണം ഞങ്ങൾക്ക് കടയുടെ ഉള്ളിലേക്ക് കടക്കാൻ പോലും കഴിയാറില്ലന്നും ഒരു സെയിൽസ്മാൻ ചൂണ്ടികാട്ടി.

‘ഭക്തിപൂർവം മുന്നേറുക’

കുവൈത്ത് സിറ്റി : ചെറിയ പെരുന്നാൾ ആഘോഷം ദൈവികതയും മാനവികതയും വിളക്കിച്ചേര്‍ത്തതാണെന്നും നോമ്പ് വഴി കൈവരിച്ച ശക്തിയും സഹിഷ്ണുതയും കൈവിടാതെ ഭക്തിപൂർവ്വം മുന്നോട്ട് പോകാൻ വിശ്വാസി സമൂഹം തയാറാകണമെന്നും ഈദ് സന്ദേശത്തിലൂടെ ഐ.ഐ.സി ഖത്തീബുമാർ വിശദീകരിച്ചു. കുവൈത്ത് ഔക്കാഫ് മതകാര്യ വകുപ്പിന് കീഴിൽ ഇന്ത്യൻ ഇസ്ലാഹി സെൻറർ സാൽമിയ മലയാളം ഖുതുബ നടക്കുന്ന മസ്ജിദ് അൽ വുഐബിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് സാജിദ് റഹ്മാൻ ഫാറൂഖി നേതൃത്വം നൽകി.

മങ്കഫിലെ മസ്ജിദ് ഫാത്തിമ്മ അൽ അജ്മിയിൽ മൌലവി അബ്ദുന്നാസർ മുട്ടിലും മഹ്ബൂല ഓൾഡ് എൻ.എസ്.സി ക്യാമ്പ് മസ്ജിദിൽ മുഹമ്മദ് ഷാനിബും പെരുന്നാൾ നമസ്കാരത്തിനും ഖുതുബക്കും നേതൃത്വം നൽകി സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിന് ആളുകൾ പങ്കെടുത്തു. ഈദ് സന്ദേശ ലഘുലേഖയും മധുരവും വിതരണം ചെയ്തു.

Tags:    
News Summary - A 'small' Eid without big celebrations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.