കുവൈത്ത് സിറ്റി: കുവൈത്തിന്റെ ആകാശത്ത് അപൂർവ്വമായൊരു ചാന്ദ്രവിസ്മയം ഇന്ന് വിരുന്നെത്തും. ബ്ലൂ മൂൺ, മൈക്രോ മൂൺ എന്നീ രണ്ട് പ്രതിഭാസങ്ങൾ ഒത്തുചേരുന്ന 'ബ്ലൂ മൈക്രോമൂൺ' എന്ന അപൂർവ്വ കാഴ്ചകൾക്ക് രാജ്യം ഇന്ന് സാക്ഷിയാകും.
സാധാരണയായി ഒരു മാസം ഒരു തവണ മാത്രമാണ് പൂർണ്ണചന്ദ്രനെ കാണാറുള്ളത്. എന്നാൽ അപൂർവ്വമായി ഒരു മാസത്തിൽ രണ്ട് തവണ പൂർണ്ണചന്ദ്രൻ വരാറുണ്ട്. ഇങ്ങനെ ഒരേ മാസത്തിൽ വരുന്ന രണ്ടാമത്തെ പൂർണ്ണചന്ദ്രനെയാണ് 'ബ്ലൂ മൂൺ' എന്ന് വിളിക്കുന്നത്.
ഈ മേയ് മാസത്തിൽ ഇതിനകം ഒരു പൂർണ്ണചന്ദ്രൻ വന്നു കഴിഞ്ഞു, ഇന്ന് രണ്ടാമതൊന്ന് കൂടി ആകാശത്ത് പ്രഭ ചൊരിയും. ഭൂമിയുടെ ഭ്രമണപഥത്തിൽ ചന്ദ്രൻ ഭൂമിയിൽ നിന്ന് ഏറ്റവും അകലെയായിരിക്കുന്ന സമയത്ത് വരുന്ന പൂർണ്ണചന്ദ്രനെയാണ് 'മൈക്രോമൂൺ' എന്ന് വിളിക്കുന്നത്. വർഷത്തിലെ ഏറ്റവും ചെറിയ വലിപ്പത്തിലുള്ള ചന്ദ്രനായിരിക്കും ഇത്. ഈ രണ്ട് പ്രതിഭാസങ്ങളും കുവൈത്ത് ആകാശത്ത് ഇന്ന് ഒരേ സമയം ദൃശ്യമാകും.
സാധാരണ പൂർണ്ണചന്ദ്രനെ അപേക്ഷിച്ച് ഏകദേശം ആറു ശതമാനം വലിപ്പക്കുറവും 10 ശതമാനം പ്രകാശക്കുറവും ഈ ചന്ദ്രനുണ്ടാകും. എങ്കിലും, ഉദിച്ചുയരുന്ന ആ മനോഹരമായ നിമിഷത്തിൽ, മഞ്ഞയും ഓറഞ്ചും കലർന്ന നിറത്തിൽ ആകർഷകമായി ചന്ദ്രൻ ആകാശത്ത് തെളിയും. ഇത് കാണാനായി പ്രത്യേക ടെലിസ്കോപ്പുകളോ, മറ്റു ഉപകരണങ്ങളോ ആവശ്യമില്ല. നഗ്നനേത്രങ്ങൾ കൊണ്ട് കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.