കുവൈത്ത് സിറ്റി: ടെലികമ്യൂണിക്കേഷനായി 5ജി നെറ്റ്വർക്ക് ലഭ്യതയുടെ കാര്യത്തിൽ ഗൾഫ് മേഖലിയിൽ കുവൈത്ത് രണ്ടാം സ്ഥാനത്ത്. മൊബൈൽ നെറ്റ്വർക്ക് അനുഭവങ്ങൾ അളക്കുന്ന അനലിറ്റിക്സ് കമ്പനിയായ ഓപൺ സിഗ്നലാണ് ഇതുസംബന്ധിച്ച റിപ്പോർട്ടു തയാറാക്കിയത്. ഗൾഫ് രാജ്യങ്ങളിൽ ബഹ്റൈൻ ഒന്നാമതെത്തി. ഭൂമിശാസ്ത്രപരമായും ജനസംഖ്യാപരമായും മേഖലയിലെ ഏറ്റവും വലിയ വിപണിയായ സൗദി അറേബ്യ മൂന്നാമതും, ഖത്തർ നാലാമതുമാണ്. യു.എ.ഇ, ഒമാൻ എന്നീ രാജ്യങ്ങൾക്കാണ് തുടർന്നുള്ള സ്ഥാനം.
ഡൗൺലോഡ് വേഗതയിൽ ജി.സി.സിയിൽ യു.എ.ഇ ഒന്നാമതെത്തി. ഇതിൽ ഖത്തർ രണ്ടാമതും കുവൈത്ത് മൂന്നാമതുമാണ്. വിഡിയോ അനുഭവത്തിൽ 75 പോയന്റുമായി കുവൈത്ത് ഒന്നാം സ്ഥാനത്താണ്. 72.4 പോയന്റുമായി യു.എ.ഇ രണ്ടാം സ്ഥാനവും 71.5 പോയന്റുമായി ബഹ്റൈൻ മൂന്നാമതുമെത്തി. 68.8 പോയന്റുമായി സൗദി അറേബ്യയും, 68.6 പോയന്റുമായി ഖത്തറും 67.9 പോയന്റുമായി ഒമാനും തുടർന്നുള്ള സ്ഥാനങ്ങളിൽ എത്തി.
ഗെയിമിങ് അനുഭവത്തിൽ 74 പോയിന്റുമായി യു.എ.ഇ ജി.സി.സി രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്തെത്തി. 69.6 പോയന്റുമായി ഖത്തർ രണ്ടാമതാണ്. 69.6 പോയന്റുള്ള ബഹ്റൈൻ, 67.4 പോയന്റുമായി കുവൈത്ത്, 61.5 പോയന്റുമായി ഒമാൻ, 59.7 പോയന്റുമായി സൗദി അറേബ്യ എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളുടെ സ്ഥാനങ്ങൾ.
വാട്ട്സ്ആപ്, സ്കൈപ്പ്, ഫേസ്ബുക്ക് മെസഞ്ചർ തുടങ്ങിയ വോയ്സ് ആപ്ലിക്കേഷനുകളുടെ അനുഭവത്തിൽ 80.6 പോയന്റുമായി ഖത്തർ ആണ് ഒന്നാമത്. 79.6 പോയന്റുമായി കുവൈത്തും തൊട്ടുപിന്നിൽ എത്തി. 79.5 പോയന്റുള്ള യു.എ.ഇയും, 78.1 പോയന്റുമായി സൗദി അറേബ്യയും, 77.7 പോയന്റുമായി ബഹ്റൈനും, 77.4 പോയന്റുമായി ഒമാനും വിവിധ സ്ഥാനങ്ങൾ നിലനിർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.