ഇന്ദ്രജിത്തിന്‍റെ ധീരത്തിന് ജി.സി.സിയിൽ നിരോധനം; കാസ്റ്റിങ്ങിനെ കുറിച്ച് സംവിധായകൻ

നവാഗതനായ ജിതിൻ ടി. സുരേഷ് സംവിധാനം ചെയ്ത മലയാളം ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ധീരം സൗദി അറേബ്യ, കുവൈത്ത് ഉൾപ്പെടെ ജി.സി.സിയിലും റിലീസ് ചെയ്യുന്നത് വിലക്കി. ഡിസംബർ അഞ്ചിന് കേരളത്തിലെ സ്‌ക്രീനുകളിൽ എത്തിയെങ്കിലും വിദേശ റിലീസ് നിരോധിച്ചിരുന്നു. റെമോ എന്‍റർടെയ്ൻമെന്‍റ്, മലബാർ ടാക്കീസ് ബാനറിൽ ഹാരിസ് അമ്പഴത്തിങ്കൽ, റിമോഷ് എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തിലെ ഒരു കഥാപാത്രത്തെ ട്രാൻസ്‌ജെൻഡർ വ്യക്തി അവതരിപ്പിരുന്നു. ഇതാണ് സിനിമ നിരോധിക്കാൻ കാരണമായത്. കുവൈത്തിൽ റിലീസ് ചെയ്യുന്ന ധീരത്തിൽ ട്രാൻസ്‌ജെൻഡർ രംഗങ്ങൾ നിരോധിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. എന്നാൽ സൗദി അറേബ്യ സെൻസർ ബോർഡ് രാജ്യത്ത് റിലീസ് ചെയ്യുന്നത് പൂർണ്ണമായും വിലക്കിയിട്ടുണ്ട്.

“നിലവിൽ, ധീരം ജി.സി.സിയിൽ റിലീസ് ചെയ്യാൻ കഴിയില്ല. സൗദി സെൻസർ ബോർഡിൽ നിന്ന് ലഭിച്ച വിവരം അനുസരിച്ച്, ഒരു ട്രാൻസ്‌ജെൻഡർ വ്യക്തി അഭിനേതാക്കളിൽ ഉള്ളതിനാൽ ചിത്രം അവിടെ റിലീസ് ചെയ്യാൻ കഴിയില്ല. ചിത്രത്തിലെ ട്രാൻസ്‌ജെൻഡർ രംഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുവൈത്തിൽ നിന്ന് ഞങ്ങൾക്ക് നിർദേശവും ലഭിച്ചു. അവരുടെ ഭാഗങ്ങൾ നീക്കം ചെയ്താൽ അത് റിലീസ് ചെയ്യാമെന്ന് അവർ പറയുന്നു. പക്ഷേ സിനിമ സൗദി അറേബ്യയിൽ റിലീസ് ചെയ്യാൻ കഴിയില്ല.” സംവിധായകൻ ജിതിൻ പറഞ്ഞു. 

"ആ അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഞങ്ങൾ അവരുടെ ലിംഗഭേദം നോക്കിയിരുന്നില്ല. മറുവശത്ത്, സമൂഹത്തിൽ LGBTQIA+ സാധാരണ നിലയിലാക്കാനും ഞങ്ങൾ ആഗ്രഹിച്ചു." ജിതിൻ പറഞ്ഞു. ഇന്ത്യയിലെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ (CBFC) നിന്ന് ധീരം A റേറ്റിങ് നേടിയിട്ടുണ്ട്. ഒരു പക്കാ ഇൻവെസ്റ്റിഗേഷൻ ചിത്രം, ആക്ഷൻ രംഗങ്ങളും ഒപ്പം ത്രില്ലർ ചേരുവയിൽ എത്തുന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ ലക്ഷ്യത്തെ പിന്തുടരുമ്പോഴാണ് കഥ വികസിക്കുന്നത്. ഒരു ജാതി ജാതകം, മരണമാസ് തുടങ്ങിയ സിനിമകളും മിക്ക ഗൾഫ് രാജ്യങ്ങളിലും LGBTQIA+ പരാമർശങ്ങൾ കാരണം മുമ്പ്  നിരോധിച്ചിരുന്നു. 

Tags:    
News Summary - Indrajith's Dheeram banned in GCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.