കുവൈത്തിലെ 24 ശതമാനം തൊഴിലാളികളും ഇന്ത്യക്കാര്‍

കുവൈത്ത് സിറ്റി: കുവൈത്തിലെ മൊത്തം തൊഴിലാളികളുടെ എണ്ണത്തില്‍ 24 ശതമാനവും ഇന്ത്യക്കാര്‍. ഇന്ത്യന്‍ തൊഴിലാളികളുടെ എണ്ണത്തില്‍ മുൻ വർഷത്തേതിൽനിന്ന് വര്‍ധനയും രേഖപ്പെടുത്തി.

സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവരുടെ എണ്ണത്തിലാണ് കഴിഞ്ഞ വര്‍ഷങ്ങളെയപേക്ഷിച്ച് വര്‍ധന രേഖപ്പെടുത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശികപത്രമായ അല്‍അന്‍ബ റിപ്പോര്‍ട്ട് ചെയ്തു. കുവൈത്ത് ലേബർ ഡിസ്ട്രിബ്യൂഷൻ ചാർട്ട് പ്രകാരം 4.7 ലക്ഷം ഇന്ത്യക്കാരാണ് കുവൈത്തില്‍ ജോലി ചെയ്യുന്നത്. കുടുംബത്തോടൊപ്പം താമസിക്കാനും ഗാർഹിക ജോലിക്കായും എത്തിയവർക്കുപുറമെയുള്ള കണക്കാണിത്.

കഴിഞ്ഞവർഷം സെപ്റ്റംബർ വരെയുള്ള ഒമ്പതു മാസത്തിനിടയിൽ 39,219 ഇന്ത്യൻ തൊഴിലാളികൾ പ്രാദേശിക തൊഴിൽവിപണിയിൽ പ്രവേശിച്ചു. നേരത്തേ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട് ആയിരക്കണക്കിന് ഇന്ത്യന്‍ തൊഴിലാളികള്‍ നാട്ടിലേക്ക് തിരിച്ചിരുന്നു. തുടര്‍ന്ന് ഒന്നാം സ്ഥാനത്തായിരുന്ന ഈജിപ്തുകാർ പുതിയ റിപ്പോർട്ട് പ്രകാരം രണ്ടാം സ്ഥാനത്തായി.

കുവൈത്തിലെ തൊഴിലാളികളുടെ 23.6 ശതമാനം ഈജിപ്തിൽ നിന്നുള്ളവരാണ്. 120ഓളം രാജ്യങ്ങളിലെ പൗരന്മാര്‍ കുവൈത്തില്‍ താമസിക്കുന്നുണ്ടെങ്കിലും ഇന്ത്യ, ഈജിപ്ത്, ഫിലിപ്പീന്‍സ്, ബംഗ്ലാദേശ്, സിറിയ, പാകിസ്താന്‍, ശ്രീലങ്ക എന്നീ ഏഴു രാജ്യങ്ങളില്‍നിന്നുള്ളവരാണ് വിദേശീ സാന്നിധ്യത്തിന്റെ 90 ശതമാനവും.

Tags:    
News Summary - 24 percent of the workers in Kuwait are Indians

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.