കുവൈത്ത് സിറ്റി: ഫിലിപ്പീൻ വനിത ഗാർഹികത്തൊഴിലാളിയുടെ മൃതദേഹം ആളൊഴിഞ്ഞ അപ്പാർട്ട്മെൻറിലെ ഫ്രീസറിനുള്ളിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികളെ പിടികൂടാൻ ഇൻറർപോൾ വലവിരിച്ചു.
ദമ്പതികളായ സിറിയൻ വനിതയെയും ലബനീസ് പൗരനെയുമാണ് ഇൻറർപോൾ അന്വേഷിക്കുന്നത്. ഇവരുടെ വേലക്കാരിയായിരുന്ന ഫിലിപ്പീൻ യുവതിയുടെ മൃതദേഹമാണ് ഫ്രീസറിനുള്ളിൽ കണ്ടെത്തിയത്.
ചെക്ക് കേസിൽ ലബനീസ് പൗരന് അറസ്റ്റ് വാറൻറുള്ളതിനാൽ ദമ്പതികൾ 2016ൽ തന്നെ നാടുവിട്ടിട്ടുണ്ട്.
ഒരു വർഷവും നാലുമാസവും മൃതദേഹം ഫ്രീസറിനുള്ളിൽ ഇരുന്നതായാണ് റിപ്പോർട്ട്.
മൃതദേഹത്തിെൻറ കഴുത്തിലും ശരീരത്തിലും മർദനമേറ്റ അടയാളമുണ്ടെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഫിലിപ്പീൻ ഗാർഹികത്തൊഴിലാളിയുടെതാണ് മൃതദേഹം എന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഫിലിപ്പീൻസിലെ ദാവോ സിറ്റി പ്രവിശ്യയിലെ ജൊആന ഡാനിയേലയുടേതാണ് മൃതദേഹം. ഗാർഹികത്തൊഴിലാളികളുടെ പീഡനവുമായി ബന്ധപ്പെട്ട് ഫിലിപ്പീൻസും കുവൈത്തും തമ്മിൽ നയതന്ത്രപ്രശ്നം നിലനിൽക്കുന്ന സാഹചര്യത്തിൽ വിഷയത്തിന് അന്താരാഷ്ട്ര പ്രാധാന്യം ലഭിച്ചിട്ടുണ്ട്.
ഇനിയൊരു പൗരന് പീഡനമേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്താൽ മുഴുവൻ ഫിലിപ്പീനികളെയും കുവൈത്തിൽനിന്ന് പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചതിന് ശേഷമാണ് ഇൗ സംഭവം. കർശന നടപടിയെടുക്കാൻ കുവൈത്ത് അധികൃതരും ശ്രമിക്കുന്നുണ്ട്. അടുത്ത മാസം ഫിലിപ്പീൻസ് പ്രസിഡൻറ് റോഡ്രിഗോ ദുതെർത് കുവൈത്ത് സന്ദർശിക്കുന്നുണ്ട്. അതിനുമുമ്പ് തൃപ്തികരമായ നടപടികളെടുക്കാനാണ് കുവൈത്ത് ശ്രമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.