കുവൈത്ത് സിറ്റി: തൊഴിൽപരാതികളിൽ തൊഴിലുടമക്കും തൊഴിലാളിക്കും എസ്.എം.എസ് സന്ദേശം അയക്കുന്ന സംവിധാനം ഏർപ്പെടുത്തിയതായി കുവൈത്ത് മാൻപവർ അതോറിറ്റി അറിയിച്ചു.
വിദൂരപ്രദേശങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികളിൽനിന്നുള്ള പരാതികൾ സ്വീകരിക്കാൻ മൊബൈൽ ഓഫിസ് സജ്ജീകരിച്ചതായും അതോറിറ്റിയിലെ ലേബർ പ്രൊട്ടക്ഷൻ വിഭാഗം മേധാവി അബ്ദുല്ല അൽ മുതൗതിഹ് പറഞ്ഞു.
തൊഴിലാളികൾക്കെതിരെ ഒളിച്ചോട്ട പരാതി ലഭിച്ചാൽ ആ വിവരം തൊഴിലാളിയെയും തൊഴിലുടമക്കെതിരെ ലഭിക്കുന്ന പരാതി സംബന്ധിച്ച് തൊഴിലുടമയെയും അറിയിക്കുന്നതിനായാണ് എസ്.എം.എസ് സംവിധാനം ഏർപ്പെടുത്തിയത്. ഒളിച്ചോട്ടം സംബന്ധിച്ച പരാതി ലഭിച്ചാൽ ബന്ധപ്പെട്ട തൊഴിലാളിയെ എത്രയുംപെട്ടെന്ന് വിവരം അറിയിക്കാൻ എസ്.എം.എസ് സംവിധാനം സഹായകമാകും. സന്ദേശം ലഭിക്കുന്ന മുറക്ക് പരാതി നേരിടുന്ന തൊഴിലാളിക്ക് എംബസിയെ സമീപിച്ച് നിയമസഹായം നേടാനും സാധിക്കും.
തൊഴിലാളികളുടെ മൊബൈൽ നമ്പർ മാൻപവർ അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യാൻ വിദേശ എംബസികളോട് മാൻപവർ അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. വിദൂര മേഖലകളിൽ ജോലിചെയ്യുന്ന വിദേശ തൊഴിലാളികളിൽനിന്ന് തൊഴിൽ സംബന്ധിയായ പരാതികൾ സ്വീകരിക്കുന്നതിന് സഞ്ചരിക്കുന്ന ഓഫിസ് പ്രവർത്തനം തുടങ്ങിയതായും അബ്ദുല്ല അൽമുതൗതിഹ് പറഞ്ഞു.
വിദൂരപ്രദേശങ്ങളിൽ ഒറ്റപ്പെട്ടുകഴിയുന്ന തൊഴിലാളികൾക്ക് അതോറിറ്റി ഓഫിസുകളെ സമീപിക്കുന്നതിന് പ്രയാസങ്ങളുണ്ട്. ഇത് പരിഹരിക്കാനാണ് തൊഴിൽ പരിശോധകരും നിയമവിദഗ്ധരും പരിഭാഷകരും ഉൾപ്പെടുന്ന മൊബൈൽ യൂനിറ്റ് ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.