കുവൈത്ത് സിറ്റി: ആരോഗ്യസേവനങ്ങളുടെ ഫീസ് വർധിപ്പിച്ചും എം.ആർ.െഎ, എൻഡോസ്കോപി തുടങ്ങിയ സേവനങ്ങൾ അവർക്ക് അപ്രാപ്യമാക്കിയും സ്വദേശികൾക്ക് സൗകര്യമൊരുക്കാൻ ആലോചനയെന്ന് സർക്കാർ. നിലവിൽ രാജ്യത്തുള്ള സ്വകാര്യ ആശുപത്രികൾ രാജ്യത്തെ വിദേശി സമൂഹത്തെ മുഴുവൻ ഉൾക്കൊള്ളാൻ പര്യാപ്തമല്ല. വിദേശികൾക്ക് മാത്രമായുള്ള മൂന്ന് ഇൻഷുറൻസ് ആശുപത്രികളുടെ നിർമാണം പൂർത്തിയാവാൻ മൂന്നു വർഷമെങ്കിലും എടുക്കുമെന്നാണ് കണക്കുകൂട്ടൽ.
അതിന് മുമ്പ് പൊതു ആശുപത്രികൾ വിദേശികൾക്ക് വിലക്കുന്നത് ശരിയല്ലെന്ന നിലപാടാണ് സർക്കാറിനുള്ളത്. പൊതു ആശുപത്രികൾ പതിയെ സ്വദേശികൾക്ക് മാത്രമാക്കുമെന്നും വിശദീകരിച്ചു. ഇതിെൻറ ഭാഗമായാണ് ഫീസ് വർധനയിലൂടെ അനാകർഷകമാക്കിയും എം.ആർ.െഎ, എൻഡോസ്കോപി തുടങ്ങിയ സേവനങ്ങൾ നിഷേധിച്ചും സ്വദേശികൾക്ക് സൗകര്യമൊരുക്കാൻ ആലോചിക്കുന്നത്. രാജ്യത്തെ ജനസംഖ്യാ അസന്തുലിതത്വം പരിഹരിക്കുന്നത് മുഖ്യപരിഗണനാ വിഷയമാണെന്ന് സർക്കാർ വ്യക്തമാക്കി. ഇതുസംബന്ധിച്ച് എം.പിമാർ സഭയിൽ ഉന്നയിച്ച ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രിസഭ. ചില പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും അവയെല്ലാം പരിഹരിച്ച് സ്വദേശികളുടെ താൽപര്യം സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രിസഭ വ്യക്തമാക്കി.
സർക്കാർ വകുപ്പുകളിലെ ഭരണനിർവഹണ തസ്തികകളിൽ പൂർണ സ്വദേശിവത്കരണം നടപ്പാക്കും. അേതസമയം, ഡോക്ടർമാർ, അധ്യാപകർ, നഴ്സുമാർ തുടങ്ങിയ വിദഗ്ധ തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പാക്കാൻ കഴിയുന്ന സാഹചര്യമില്ല. ഏതെങ്കിലും പദ്ധതികൾക്ക് മാത്രമായി കൊണ്ടുവന്ന വിദേശ തൊഴിലാളികളെ ആ ദൗത്യം പൂർത്തിയായാൽ ഉടൻ മടക്കിയയക്കാനുള്ള ഉത്തരവാദിത്തം തൊഴിലുടമക്കുണ്ട്. ഇവരുടെ താമസാനുമതി മാറ്റിക്കൊടുക്കാൻ പാടില്ല. വിദേശികൾക്ക് പകരം ബിദൂനികളെ നിയമിക്കുന്നത് പ്രായോഗികമല്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. അവരിൽ ഭൂരിഭാഗവും പരിശീലനം സിദ്ധിച്ചവരോ തൊഴിൽ വൈദഗ്ധ്യമുള്ളവരോ അല്ലെന്നതാണ് കാരണം. പാർലമെൻറിെൻറ അനുമതി ലഭിച്ചാലുടൻ സന്ദർശകവിസക്ക് ആരോഗ്യ ഇൻഷുറൻസ് ഫീ ചുമത്തും. കുവൈത്തിൽ സന്ദർശക വിസക്കാർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പ്രീമിയം പ്രായം അടിസ്ഥാനമാക്കി നിശ്ചയിക്കാനാണ് ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നത്. 60 വയസ്സിന് മുകളിലുള്ളവർക്ക് കൂടിയ തുക പ്രീമിയം ആയി നൽകേണ്ടിവരും.
സന്ദർശക വിസയിൽ രാജ്യത്തെത്തുന്നവരെ പരിശോധിക്കാൻ വിമാനത്താവളത്തിൽ തന്നെ ആരോഗ്യകേന്ദ്രം സ്ഥാപിക്കുന്നതും മന്ത്രാലയത്തിെൻറ പരിഗണനയിലുണ്ട്. ഏതെങ്കിലും രോഗം ബാധിച്ചവരാണോ വരുന്നതെന്ന് വിമാനത്താവളത്തിൽ തന്നെ കണ്ടുപിടിക്കാൻ കഴിയുമോ എന്നതിെൻറ സാധ്യതയാണ് ആരായുന്നത്.
സൗജന്യ ചികിത്സ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിദേശികൾ ബന്ധുക്കളെ സന്ദർശക വിസയിൽ കൊണ്ടുവരുന്നുവെന്നായിരുന്നു ആക്ഷേപം. ഇതേതുടർന്നാണ് സർക്കാർ ഇൻഷുറൻസ് ഏർപ്പെടുത്താൻ നീക്കം തുടങ്ങിയത്. വാണിജ്യ, കുടുംബ, വിനോദസഞ്ചാര വിസ ഉൾപ്പെടെ ഏതുതരത്തിലുള്ള സന്ദർശക വിസയിലെത്തുന്നവർക്കും ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്താനാണ് നിർദേശം. മന്ത്രിസഭ അംഗീകരിച്ച കരടുനിർദേശം അനുസരിച്ച് വിദേശികൾക്കായി വിസിറ്റിങ് വിസക്ക് അപേക്ഷിക്കുമ്പോൾ തന്നെ ലൈസൻസുള്ള ഇൻഷുറൻസ് കമ്പനിയുടെ ആരോഗ്യ ഇൻഷുറൻസ് പോളിസിക്കുള്ള അപേക്ഷയും കൂടെ വെക്കണം. ഇതുവഴി
സന്ദർശകന് സ്വകാര്യ ആശുപത്രികളിൽ സന്ദർശകകാലയളവിൽ സൗജന്യമായി സേവനം ലഭിക്കും. മെഡിക്കൽ ടൂറിസം വ്യാപകമായതോടെ സന്ദർശക വിസയിലെത്തുന്നവർ കുവൈത്തിലെ ആരോഗ്യ സേവനങ്ങൾ വ്യാപകമായി ഉപയോഗപ്പെടുത്തുന്നതായി
പരാതി ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.