കുവൈത്തില്‍ 880 തടവുകാര്‍ക്ക് ശിക്ഷയിളവ്

കുവൈത്ത് സിറ്റി: ദേശീയ- വിമോചന ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യത്ത് ഇക്കുറി 880 തടവുകാര്‍ക്ക് അമീരി കാരുണ്യത്തിന്‍െറ ഭാഗമായി ഇളവുകള്‍ ലഭിക്കും. ഉന്നത സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഉടനെയുള്ള ജയില്‍മോചനം, ശിക്ഷാ കാലാവധിയിലും പിഴയിലുമുള്ള ഇളവ്, നാടുകടത്തലില്‍നിന്നുള്ള വിടുതല്‍ തുടങ്ങിയ ഇളവുകളാണ് തടവുകാര്‍ക്ക് ലഭിക്കുക. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ തടവറകളില്‍ കഴിയുന്ന സ്വദേശികളും വിദേശികളുമുള്‍പ്പെടെയുള്ളവര്‍ ഈ ആനുകൂല്യത്തിന്‍െറ പരിധിയില്‍ വരും. കുറ്റകൃത്യങ്ങളുടെ ഗൗരവവും തടവുകാലത്തെ നല്ലനടപ്പും പരിഗണിച്ചാണ് പ്രതികള്‍ക്ക് ഇളവുകള്‍ നല്‍കുക. 
ശിക്ഷാ കാലാവധി പകുതിയായും കാല്‍ഭാഗമായും കുറക്കുകയാണ് ചെയ്യുക. അതേസമയം, മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ പ്രാവശ്യം ഇളവു ലഭിച്ച തടവുകാരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. വിവിധ കാരണങ്ങളാണ് ഈ വര്‍ഷം ഇളവുലഭിക്കേണ്ടവരുടെ എണ്ണം കുറയാന്‍ ഇടയാക്കിയത്. രാജ്യ സുരക്ഷ, മയക്കുമരുന്ന്, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തുടങ്ങിയ കേസുകളിലെ പ്രതികളെ അമീരി കാരുണ്യത്തിന് പരിഗണിക്കേണ്ടതില്ളെന്ന തീരുമാനമാണ് അതില്‍ പ്രധാനം. ഒരുപ്രാവശ്യം ഇളവു ലഭിച്ച തടവുകാര്‍ വീണ്ടും പ്രതികളായി വന്നാല്‍ ഇളവ് നല്‍കേണ്ടതില്ളെന്ന നിബന്ധനയും ഇപ്രാവശ്യമുണ്ട്. ആകെ ഇളവ് ലഭിച്ച 880 തടവുകാരില്‍ 10 പേര്‍ മാത്രമാണ് സ്ത്രീകള്‍. പൊതുവില്‍ തടവുകാരുടെ അനുപാതത്തില്‍ സ്ത്രീകള്‍ കുറവായതും ഇതിന് കാരണമാണ്. 
അമീരി കാരുണ്യം ലഭിക്കുന്ന വിദേശി തടവുകാരില്‍ അധികപേരെയും നാട്ടിലേക്ക് കയറ്റിവിടുകയാണ് ചെയ്യുകയെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍, സ്വദേശികളോട് അടുത്ത ബന്ധമുള്ള വിദേശ തടവുകാരെ നാടുകടത്തലില്‍നിന്ന് ഒഴിവാക്കിക്കൊടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇളവുലഭിക്കേണ്ട തടവുകാരുമായി ബന്ധപ്പെട്ട പട്ടിക തുടര്‍ നടപടികള്‍ക്കായി ആഭ്യന്തരമന്ത്രി ശൈഖ് ഖാലിദ് അല്‍ ജര്‍റാഹിന് നല്‍കിയതായി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞവര്‍ഷം 1071 പേര്‍ക്ക് വിവിധ തരത്തില്‍ ശിക്ഷകളില്‍ ഇളവ് നല്‍കിയിരുന്നു. 
കഴിഞ്ഞവര്‍ഷം 332 പേരെ തടവറകളില്‍നിന്ന് മോചിപ്പിച്ചപ്പോള്‍ ജീവപര്യന്തത്തിനും മറ്റും കൂടുതല്‍ വര്‍ഷം തടവു വിധിക്കപ്പെട്ട 701 പേരുടെ ശിക്ഷാ കാലാവധി കുറച്ചു. നാടുകടത്താന്‍ വിധിക്കപ്പെട്ട 48 പേര്‍ക്ക് രാജ്യത്ത് തുടരാന്‍ അനുവാദം നല്‍കുകയും ചെയ്തു.
 ഇതിനുപുറമെ വിവിധ കേസുകളില്‍ പിഴ വിധിക്കപ്പെട്ട 498 പേര്‍ക്ക് പൂര്‍ണമായോ ഭാഗികമായോ ഒഴിവാക്കിക്കൊടുത്തു. 22,93,000 ദീനാറാണ് 2016ല്‍ പിഴ ഒഴിവാക്കിക്കൊടുത്തത്. അത്രതന്നെ ഉദാരത ഈ വര്‍ഷം ഇല്ളെന്നാണ് റിപ്പോര്‍ട്ട്.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.