സര്‍ക്കാര്‍ ജോലിക്ക് അപേക്ഷ നല്‍കി  കാത്തിരിക്കുന്നത് 22,000 സ്വദേശികള്‍

കുവൈത്ത് സിറ്റി: രാജ്യത്ത് സര്‍ക്കാര്‍ ജോലിക്കുവേണ്ടി അപേക്ഷ നല്‍കി കാത്തിരിക്കുന്ന സ്വദേശികളുടെ എണ്ണം 22,000ത്തില്‍ എത്തിയതായി റിപ്പോര്‍ട്ട്. അപേക്ഷ സ്വീകരിക്കല്‍ തുടരുന്നതിനാല്‍ അടുത്ത ദിവസങ്ങളില്‍ എണ്ണം ഇനിയും കൂടാനാണ് സാധ്യത. സിവില്‍ സര്‍വിസ് കമീഷനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മാര്‍ച്ച് മൂന്നിനാണ് സ്വദേശി ഉദ്യോഗാര്‍ഥികളില്‍നിന്ന് ഇതിനായുള്ള അപേക്ഷ സ്വീകരിക്കല്‍ ആരംഭിച്ചത്. ഈമാസം 17 വരെ അപേക്ഷ സ്വീകരിക്കല്‍ തുടരും. 
പുരുഷന്മാരെ അപേക്ഷിച്ച് സ്വദേശി വനിതകളാണ് സര്‍ക്കാര്‍ ജോലിക്കായി അപേക്ഷ നല്‍കിയവരിലധികവും. വനിതകളുടെ എണ്ണം 17,000ത്തില്‍ എത്തിയപ്പോള്‍ 5000 സ്വദേശി പുരുഷന്മാരാണ് അപേക്ഷകരായിട്ടുള്ളത്. അതേസമയം, അപേക്ഷകരില്‍ യൂനിവേഴ്സിറ്റി ബിരുദധാരികളുടെ തോത് 28 ശതമാനവും സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റുള്ളവരുടെ തോത് ആറ് ശതമാനവുമാണ്. 18 ശതമാനവും മിഡില്‍ ക്ളാസ് ബിരുദമുള്ളവരാണെന്നും കമീഷന്‍ വ്യക്തമാക്കി. തൊഴിലന്വേഷകരായ സ്വദേശികളുടെ എണ്ണം കൂടുന്നത് ഈ മേഖലയിലെ വിദേശികളെ ബാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. 
സ്വദേശികള്‍ ജോലിചെയ്യാന്‍ സന്നദ്ധത കാണിക്കുന്ന മുഴുവന്‍ വകുപ്പുകളില്‍നിന്നും വിദേശികളെ ഒഴിവാക്കാന്‍ ആലോചനയുള്ളതായി സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍- സ്വകാര്യ മേഖലകളില്‍ സ്വദേശികളും വിദേശികളും തമ്മിലുള്ള അനുപാതം ക്രമീകരിക്കണമെന്ന എം.പിമാരുടെ മുറവിളിയും ഇതോടൊപ്പമുണ്ട്.
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.