ഫുട്ബാള്‍ സീസണ് തുടക്കം: കുവൈത്ത് സൂപ്പര്‍ കപ്പ് ഇന്ന്

കുവൈത്ത് സിറ്റി: രാജ്യത്തെ കാല്‍പന്തുകളി പ്രേമികള്‍ക്ക് ആവേശം പകര്‍ന്ന് കുവൈത്ത് സൂപ്പര്‍ കപ്പ് ഫുട്ബാള്‍ മത്സരത്തില്‍ വെള്ളിയാഴ്ച അല്‍ ഖാദിസിയ കുവൈത്ത് സോക്കര്‍ ക്ളബുമായി മാറ്റുരക്കും. ജാബിര്‍ അല്‍ അഹ്മദ് സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് മത്സരം. 
വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഈ ഏകമത്സര മാമാങ്കത്തില്‍ കുവൈത്ത് പ്രീമിയര്‍ ലീഗ് ജേതാക്കളും അമീരി കപ്പ് ജേതാക്കളുമാണ് ഏറ്റുമുട്ടുക. 
രാജ്യത്തെ ഫുട്ബാള്‍ സീസണിന്‍െറ ഒൗദ്യോഗിക ഉദ്ഘാടനമായി കണക്കാക്കുന്നതാണ് കുവൈത്ത് ഫുട്ബാള്‍ അസോസിയേഷന്‍ (കെ.എഫ്.എ) സംഘടിപ്പിക്കുന്ന സൂപ്പര്‍ കപ്പ് പോരാട്ടം. 2008ലാണ് സൂപ്പര്‍ കപ്പ് മത്സരം തുടങ്ങിവെച്ചത്. 
കഴിഞ്ഞ സീസണില്‍ അമീരി കപ്പ് ജേതാക്കളായ കുവൈത്ത് സോക്കര്‍ ക്ളബിന് ശക്തരായ എതിരാളികളാണ് പ്രീമിയര്‍ ലീഗ് ജേതാക്കളായ അല്‍ ഖാദിസിയ. ഇരുവരും വിവിധ ടൂര്‍ണമെന്‍റുകളിലായി മുമ്പ് 185 തവണ മത്സരിച്ചപ്പോള്‍ 84 തവണ വിജയം ഖാദിസിയക്കൊപ്പം നിന്നു. 64 കളിയില്‍ കുവൈത്ത് സോക്കര്‍ ക്ളബ് വിജയം ആഘോഷിച്ചപ്പോള്‍ 37 തവണ സമനിലയില്‍ പിരിഞ്ഞു. ആകെ 271 ഗോളുകള്‍ ഖാദിസിയ കുവൈത്ത് സോക്കര്‍ ക്ളബിന്‍െറ വലയില്‍ നിക്ഷേപിച്ചപ്പോള്‍ 232 ഗോളുകള്‍ വഴങ്ങി. ഇന്നത്തെ മത്സരത്തിനായി വന്‍ ഒരുക്കങ്ങളാണ് അധികൃതര്‍ നടത്തിയിട്ടുള്ളത്. ഫുട്ബാള്‍ സീസണ് തുടക്കം കുറിക്കാനിരിക്കെ ഇന്നത്തെ വിജയം കളിക്കാര്‍ക്കും ടീമിനും ആത്മവിശ്വാസം പകരും. ഖാദിസിയ മികച്ച ടീമാണെന്നും എന്നാല്‍ നന്നായി ഒരുങ്ങിയിട്ടുള്ള തങ്ങള്‍ ആരെയും ഭയക്കാതെ വിജയത്തിനായി പോരാടുമെന്നും സോക്കര്‍ ക്ളബ് മാനേജര്‍ ആദില്‍ ഉഖ്ല പറഞ്ഞു. ആക്രമണോത്സുകമായി കളിക്കുമെന്നും വിജയത്തോടെ സീസണ്‍ ആരംഭിക്കാനാണ് ടീം ലക്ഷ്യമിടുന്നതെന്നും ഖാദിസിയ അസിസ്റ്റന്‍റ് മാനേജര്‍ മുഹമ്മദ് ബനയ്യാന്‍ പറഞ്ഞു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.