ഐബാക് ഷട്ട്ല്‍ ബാഡ്മിന്‍റണ്‍  ടൂര്‍ണമെന്‍റിന് ഉജ്ജ്വല തുടക്കം

കുവൈത്ത് സിറ്റി: ഇന്ത്യന്‍ ബാഡ്മിന്‍റണ്‍ അസോസിയേഷന്‍ കുവൈത്തിന്‍െറ (ഐബാക്) നേതൃത്വത്തില്‍ നടക്കുന്ന മൂന്നാമത് അന്താരാഷ്ട്ര ഷട്ട്ല്‍ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റിന് ഉജ്ജ്വല തുടക്കം. കുവൈത്ത് ബാഡ്മിന്‍റണ്‍ ഫെഡറേഷനുമായി സഹകരിച്ച് നടത്തുന്ന ടൂര്‍ണമെന്‍റില്‍ ഇന്ത്യ, കുവൈത്ത്, യു.എ.ഇ, ഖത്തര്‍, ബഹ്റൈന്‍, സൗദി, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍നിന്നുള്ള ടീമുകള്‍ പങ്കെടുക്കുന്നു. 
ഞായറാഴ്ച രാവിലെ 10.30ന് സല്‍വ ഐബാക് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജയിന്‍ ടൂര്‍ണമെന്‍റ് ഉദ്ഘാടനം ചെയ്തു. മൂന്നുദിവസങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്‍റില്‍ അന്താരാഷ്ട്രതലത്തില്‍ സീഡ് ചെയ്യപ്പെട്ട നിരവധി താരങ്ങള്‍ പങ്കെടുക്കും. ഇന്ത്യയില്‍ നിലവില്‍ രണ്ടാം റാങ്കും ലോകതലത്തില്‍ 152ാം റാങ്കുമുള്ള ശ്രേയാന്‍സ് ജയ്സ്വാള്‍ ഐബാക് ടീമിനായി കളിക്കും. ഡബ്ള്‍സില്‍ നേരത്തേ ലോകത്ത് 10ാം സീഡുകാരനായ മലയാളിതാരം രൂപേഷ്കുമാര്‍, ആദ്യ 10 സീഡിലുള്ള ഇന്ത്യന്‍ താരങ്ങളായ ഗൗരവ് വെങ്കട്ട്, അനില്‍കുമാര്‍ ഗോപി എന്നിവരും ഇത്തവണ മത്സരം കൊഴുപ്പുകൂട്ടാന്‍ കളത്തിലിറങ്ങുന്നുണ്ട്. രണ്ടുതരത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഓപണ്‍ മത്സരങ്ങളും ടീം ഇനവും. ഓപണ്‍ വിഭാഗത്തില്‍ സിംഗ്ള്‍, ഡബ്ള്‍സ്, മിക്സഡ് ഡബ്ള്‍സ് ഇനങ്ങളിലായി വ്യക്തികള്‍ മത്സരിക്കുമ്പോള്‍ ടീം വിഭാഗത്തില്‍ 
എട്ട് സംഘങ്ങളാണ് കളിമികവ് തെളിയിക്കാനിറങ്ങുന്നത്. ഈ വിഭാഗത്തില്‍ ഒരു ടീമിന് രണ്ട് ഡബ്ള്‍സ് മത്സരങ്ങള്‍, ഒരു സിംഗ്ള്‍സ്, ഒരു മിക്സഡ് ഡബ്ള്‍സ്, ഒരു മാസ്റ്റേഴ്സ് കാന്‍ഡിഡേറ്റ് (45 വയസ്സിന് മുകളില്‍) എന്നിങ്ങനെയാണ് മത്സരങ്ങളുണ്ടാവുക. നോക്കൗട്ട് അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍. ഞായറാഴ്ചയാണ് ഫൈനല്‍.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.