ഇരട്ടിയിലേറെ കൂട്ടിയിട്ടും ജി.സി.സിയിലെ കുറഞ്ഞ ടാക്സി നിരക്ക് കുവൈത്തില്‍

കുവൈത്ത് സിറ്റി: പുതുക്കി നിശ്ചയിച്ചിട്ടും കുവൈത്തില്‍ ടാക്സി നിരക്ക് ജി.സി.സി രാജ്യങ്ങളിലെ ഏറ്റവും കുറഞ്ഞതെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ ഗതാഗത ആക്ടിങ് അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഫഹദ് അല്‍ ശുവൈഹി പറഞ്ഞു. ബസ്, ടാക്സി നിരക്കുകള്‍ വര്‍ധിപ്പിച്ച പശ്ചാത്തലത്തില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. 
ടാക്സി നടത്തിപ്പുചെലവും വരുമാനവും ഒത്തുപോവുന്ന സാഹചര്യം സൃഷ്ടിക്കാനാണ് നിരക്ക് വര്‍ധിപ്പിച്ചതെന്നും എല്ലാവരുടെയും ന്യായമായ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. 
അതേസമയം, ടാക്സി ഡ്രൈവര്‍മാര്‍ മീറ്റര്‍ നിരക്ക് മാത്രമേ ഈടാക്കാവൂവെന്നും ഇത് ലംഘിച്ചാല്‍ വാഹനം രണ്ടുമാസം കണ്ടുകെട്ടുമെന്നും അദ്ദേഹം പറഞ്ഞു. അമിത നിരക്ക് ഈടാക്കുന്നുണ്ടോ എന്നറിയാന്‍ പരിശോധന ശക്തമാക്കും. നിരക്ക് പുതുക്കി നിശ്ചയിച്ചതിന്‍െറ വിശദാംശങ്ങളും ലക്ഷ്യവും വിശദീകരിച്ച് എല്ലാ മാധ്യമങ്ങളിലും പരസ്യം ചെയ്യുമെന്ന് വാര്‍ത്താവിനിമയ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ആദില്‍ അല്‍ ഹശ്ശാശ് പറഞ്ഞു. ടാക്സി ഡ്രൈവര്‍മാര്‍ ചൂഷണം ചെയ്യുന്നതായി പരാതിയുണ്ടെങ്കില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും 999-888-777-25583666 എന്ന നമ്പറിലോ 112ലേക്കോ അറിയിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 14 വര്‍ഷത്തിനുശേഷമാണ് കുവൈത്തില്‍ ടാക്സി നിരക്ക് വര്‍ധിപ്പിക്കുന്നത്. പുതുക്കിയ നിരക്ക് പ്രകാരം റോമിങ് ടാക്സികള്‍ക്ക് 350  മിനിമം ചാര്‍ജ് ആണ്. പിന്നീടുള്ള ഓരോ കിലോമീറ്ററിനും125 ഫില്‍സ് നല്‍കണം. 
40 ഫില്‍സാണ് റോമിങ് ടാക്സികളുടെ വെയ്റ്റിങ് ചാര്‍ജ്. ഉദാഹരണമായി പത്തു കിലോമീറ്റര്‍ യാത്രക്ക് 10 X 125 + 350 അതായത് 1600 ഫില്‍സ് നല്‍കണം. കാള്‍ ടാക്സിക്ക് മിനിമം 600 ഫില്‍സ് നല്‍കണം. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 200 ഫില്‍സ്. 
കാത്തിരിപ്പിന് ഓരോ മിനിറ്റിനും 70 ഫില്‍സ് ആണ്. സ്പെഷല്‍ ടാക്സികള്‍ക്ക് മിനിമം ചാര്‍ജ് 500 ഫില്‍സ് ആണ്. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 150 ഫില്‍സ് ആവും. 
കാത്തുനില്‍ക്കുന്നതിന് ഒരു മിനിറ്റിന് 50 ഫില്‍സ് നല്‍കണം. എല്ലാത്തിനും മിനിമം ചാര്‍ജിന് പുറമെ ഓരോ കിലോമീറ്ററിനും നിശ്ചിത തുക നല്‍കേണ്ടിവരും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.