വിദേശികള്‍ക്ക് ക്വോട്ട: തീരുമാനം  ഉടനെന്ന് തൊഴില്‍ മന്ത്രി

കുവൈത്ത് സിറ്റി: രാജ്യത്തെ ജനസംഖ്യയിലെ അസന്തുലിതത്വം ഇല്ലാതാക്കുന്നതിന്‍െറ ഭാഗമായി വിദേശരാജ്യങ്ങളില്‍നിന്ന് കുവൈത്തിലേക്ക് തൊഴിലിനായി വരുന്നവര്‍ക്ക് വാര്‍ഷിക ക്വോട്ട നിശ്ചയിക്കുന്നതിനുളള നടപടികള്‍ക്ക് ഉടന്‍ തുടക്കമാവുമെന്ന് തൊഴില്‍-സാമൂഹിക, ആസൂത്രണകാര്യ മന്ത്രി ഹിന്ദ് അസ്സബീഹ് വ്യക്തമാക്കി. 
ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് മന്ത്രിസഭ ചര്‍ച്ച ചെയ്തതായും അധികം താമസിയാതെ അന്തിമതീരുമാനമുണ്ടാവുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് വര്‍ധിച്ചുവരുന്ന അനധികൃത വിദേശ താമസക്കാരുടെ പ്രശ്നം പരിഹരിക്കുക, ജനസംഖ്യയിലെ സന്തുലിതത്വം നിലനിര്‍ത്തുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി മൂന്നുവര്‍ഷം മുമ്പ് ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ പാസ്പോര്‍ട്ട്, പൗരത്വകാര്യവിഭാഗം അസി. അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ശൈഖ് ഫൈസല്‍ അല്‍നവാഫ് അസ്സബാഹ്  ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് മുഹമ്മദ് അല്‍ഖാലിദ് അസ്സബാഹിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കുവൈത്തിലേക്ക് വരാവുന്ന വിദേശികള്‍ക്ക് വാര്‍ഷിക ക്വോട്ട നിശ്ചയിക്കുകയായിരുന്നു റിപ്പോര്‍ട്ടില്‍ പരിഹാരമാര്‍ഗമായി കാണിച്ചിരുന്ന പ്രധാന നിര്‍ദേശം. ഇതുവഴി ചില രാജ്യങ്ങളില്‍നിന്നുള്ളവരുടെ അനിയന്ത്രിതമായ ഒഴുക്ക് തടയാനാവുമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 
ഇതിന്‍െറ തുടര്‍ച്ചയായി ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടതുപ്രകാരം തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള മാന്‍പവര്‍ പബ്ളിക് അതോറിറ്റിയുടെ നേതൃത്വത്തില്‍ വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് തയാറാക്കി.  ഇതാണ് ഇപ്പോള്‍ മന്ത്രിസഭയുടെ പരിഗണനയിലുള്ളത്. നിലവില്‍ ഓരോ രാജ്യത്തുനിന്നുമുള്ളവര്‍ ഏതൊക്കെ മേഖലയിലാണ് ജോലിചെയ്യുന്നത് എന്ന് കണ്ടത്തെിയശേഷമേ ക്വോട്ട നിശ്ചയിക്കൂ. 
ചില തസ്തികകളിലേക്ക് ചില രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്നതിനുകൂടി വേണ്ടിയാണിത്. രാജ്യതാല്‍പര്യം മുന്‍നിര്‍ത്തിയാണ് ഓരോ രാജ്യത്തിനും ക്വോട്ട നിശ്ചയിക്കാനുള്ള നീക്കം. നിലവില്‍ കുവൈത്തിലേക്ക് പരിധിയില്ലാതെ വിദേശികള്‍ ഒഴുകുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.