പൊതു സേവനനിരക്ക് വര്‍ധന: നിര്‍ദേശം പാര്‍ലമെന്‍റ് ധനകാര്യസമിതി തള്ളി

കുവൈത്ത് സിറ്റി: രാജ്യത്ത് പൊതു സേവനനിരക്കുകള്‍ വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍നീക്കത്തിന് വീണ്ടും തിരിച്ചടി. ഇന്ധനവില വര്‍ധനയടക്കമുള്ള നടപടികള്‍ക്ക് തുടക്കമിടുന്നതിന് മുന്നോടിയായി പൊതു സേവനനിരക്ക് വര്‍ധന നിയമത്തില്‍ ഭേദഗതിവരുത്താനുള്ള സര്‍ക്കാറിന്‍െറ നീക്കമാണ് പാര്‍ലമെന്‍റ് ധനകാര്യസമിതി തള്ളിയതോടെ പരാജയപ്പെട്ടത്. 
പാര്‍ലമെന്‍റിന്‍െറ അനുമതികൂടാതെ പൊതു സേവനനിരക്കുകള്‍ വര്‍ധിപ്പിക്കുന്നത് ഭരണഘടനാവിരുദ്ധമെന്ന് വിലയിരുത്തിയാണ് ധനകാര്യ സമിതി ഭേദഗതിനിര്‍ദേശം തള്ളിയത്. 1995ല്‍ പാസാക്കിയ നിയമപ്രകാരം പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന സേവനങ്ങള്‍ക്ക് പാര്‍ലമെന്‍റ് അനുമതിയില്ലാതെ നിരക്കുവര്‍ധന സാധ്യമല്ല. ഇത് ഭേദഗതി ചെയ്യുന്നതിനായിരുന്നു സര്‍ക്കാര്‍ പാര്‍ലമെന്‍റിന് മുന്നില്‍ നിര്‍ദേശം സമര്‍പ്പിച്ചത്. പാര്‍ലമെന്‍റിലെ നിയമകാര്യസമിതിയുടെ അഭിപ്രായംകൂടി കണക്കിലെടുത്താണ് ഭേദഗതിനിര്‍ദേശം തള്ളിയതെന്ന് ധനകാര്യ സാമ്പത്തിക സമിതി അധ്യക്ഷന്‍ എം.പി. ഫൈസല്‍ അല്‍ഷായെ പറഞ്ഞു. പെട്രോളിന്‍െറ വിലക്കുറവുമൂലം സംജാതമായ പുതിയ സാമ്പത്തികവെല്ലുവിളികളെ നേരിടുന്നതിന്‍െറ ഭാഗമായി പൊതുമേഖലയിലെ എല്ലാ ഡിപ്പാര്‍ട്മെന്‍റുകളിലും എല്ലാ കാര്യങ്ങള്‍ക്കുമുള്ള സേവനനിരക്ക് വര്‍ധിപ്പിക്കണമെന്ന പഠന റിപ്പോര്‍ട്ട് സര്‍ക്കാറിന് മുന്നില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു.
ഇങ്ങനെ വരുന്ന അധിക വരുമാനം പുതിയ വെല്ലുവിളികളെ അതിജയിച്ച് മുന്നോട്ടുപോകുന്നതിന് സര്‍ക്കാറിന് സഹായമാകുമെന്നായിരുന്നു നിര്‍ദേശം. വരുമാനമാര്‍ഗങ്ങള്‍ വൈവിധ്യവത്കരിച്ചും പൊതുചെലവ് കുറച്ചും നിലവിലെ പ്രതിസന്ധി മറികടക്കാനാണ് സാമ്പത്തിക പരിഷ്കരണത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പെട്രോള്‍, വൈദ്യുതി, വെള്ളം എന്നിവയുടെ നിരക്ക് വര്‍ധിപ്പിക്കുക എന്നതായിരുന്നു പരിഷ്കരണപദ്ധതികളില്‍ പ്രധാനപ്പെട്ടത്. എന്നാല്‍, ഒന്നിലേറെ തവണ ഇക്കാര്യം ചര്‍ച്ചക്കുവെച്ചിട്ടും പാര്‍ലമെന്‍റിന്‍െറ അംഗീകാരം നേടാന്‍ കഴിഞ്ഞിരുന്നില്ല. ഇതത്തേുടര്‍ന്നാണ് സര്‍ക്കാര്‍ നിയമഭേദഗതിക്ക് ഒരുങ്ങി
യത്.   

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.